

തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തിൽ പാർലമെന്റിലെ ചോദ്യോത്തരങ്ങളിലൂടെ യുഡിഎഫിന്റെ വാദങ്ങളെ പ്രതിരോധത്തിലാക്കിയെന്ന് ആരോപിച്ച് യുഡിഎഫ് എംപിമാരായ അബ്ദുൾ വഹാബിനെയും ജെബി മേത്തറെയും പരിഹസിച്ച് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം.ബി രാജേഷ്. യുഡിഎഫ് എംപിമാരെക്കൊണ്ട് ഒടുവിൽ കേരളത്തിന് ഗുണമുണ്ടായെന്ന് പറഞ്ഞ രാജേഷ്, എംപിമാർക്ക് ഫേസ്ബുക്കിലൂടെ അഭിനന്ദനമറിയിച്ചു. മുസ്ലിം ലീഗിന് മുന്നിൽ ഇനി രണ്ട് ഓപ്ഷനുകൾ മാത്രമാണുള്ളതെന്നും തെരഞ്ഞെടുപ്പു കാലത്ത് പ്രഖ്യാപിച്ചതുപോലെ പിഎം ശ്രീ അറബിക്കടലിൽ എറിയാം അല്ലെങ്കിൽ സ്വയം അറബിക്കടലിൽ പോയി ചാടാമെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എൽഡിഎഫ് സർക്കാർ പിഎം ശ്രീ കരാറിൽ ഒപ്പിട്ട് കേന്ദ്രത്തിൽ നിന്ന് പണം വാങ്ങിയതിനാൽ ഇനി പദ്ധതിയിൽ നിന്ന് പിന്മാറാനാവില്ലെന്ന യുഡിഎഫ് പ്രചരണം വ്യാജമാണെന്ന് ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലൂടെ വ്യക്തമായതായി രാജേഷ് ചൂണ്ടിക്കാട്ടി. സമഗ്ര ശിക്ഷാ കേരളയുടെ (SSK) അവകാശപ്പെട്ട 99.27 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിച്ചതെന്നും, പദ്ധതിയുടെ ഭാഗമാക്കേണ്ട സ്കൂളുകളുടെ ലിസ്റ്റ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലുണ്ട്. കൂടാതെ, പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറുന്നതിന് തടസ്സമില്ലെന്ന് എംപി അബ്ദുൾ വഹാബിന് ലഭിച്ച മറുപടിയിലൂടെ വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കി.
എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :-
“കൺഗ്രാജുലേഷൻസ് ….
യു ഡി എഫ് എംപിമാരെ അഭിനന്ദിക്കാൻ ഇപ്പോഴാണ് ആദ്യമായി ഒരു അവസരം കിട്ടുന്നത്. ലീഗിൻ്റെ എംപി വഹാബ്ക്കക്കും കോൺഗ്രസ് എംപി ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനം. എന്തിനാണെന്നല്ലേ? പി എംശ്രീ വിഷയത്തിലെ യു ഡി എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിന് . ഇന്നലെ ജെബി മേത്തറുടെ ഊഴമായിരുന്നു. എൽ.ഡി. എഫ് സർക്കാർ പി എംശ്രീയിൽ ഒപ്പിട്ട് പണം വാങ്ങിയതിനാൽ ഇനി പിൻമാറാനാവില്ല എന്ന യു ഡി എഫ് നുണയാണ് പാർലിമെൻ്റിൽ വാങ്ങിയെടുത്ത ഒരു മറുപടിയിലുടെ ജെബി പൊളിച്ചടുക്കിയത്. കേരളത്തിന് കൊടുത്തത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവകാശപ്പെട്ട സമഗ്ര ശിക്ഷാ കേരളയുടെ 99.27കോടി മാത്രമാണെന്നാണ് ജെബിക്ക് മന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ ലിസ്റ്റ് എൽഡി എഫ് സർക്കാർ നൽകിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. ഇന്ന് ലീഗിൻ്റെ സ്വന്തം അബ്ദുൾവഹാബിൻ്റെ വക ചോദ്യത്തിന് അതേ മന്ത്രിയുടെ മറുപടിയിൽ പി എം ശ്രീയിൽ നിന്ന് പിൻമാറാൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലെന്നു കൂടി വ്യക്തമാക്കിയിരിക്കുന്നു. Thank you guys. യു ഡി എഫ് എംപി മാരെക്കൊണ്ട് ഒടുവിൽ ഗുണമുണ്ടായിരിക്കുന്നു.
അറബിക്കടൽ വറ്റിയിട്ടില്ല ലീഗുകാരേ…. ലീഗിന് രണ്ട് ഓപ്ഷനുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞതുപോലെ പി എം ശ്രീ അറബിക്കടലിലെറിയാം. അല്ലെങ്കിൽ സ്വയം അറബിക്കടലിൽ പോയി ചാടാം.”