

മലപ്പുറം : ‘കേരള കുംഭമേള’ എന്ന പേരിൽ കഴിഞ്ഞ ജനുവരിയിൽ തിരുനാവായയിൽ സംഘടിപ്പിച്ച മഹാമാഘ മഹോത്സവത്തിന് ബദലായി സാംസ്കാരിക നായകരും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും പ്രഖ്യാപിച്ച ‘കേരള പെരുമ-മൈത്രി മേള’ക്ക് തിരുന്നവയായിൽ വെള്ളിയാഴ്ച തുടക്കമായി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന മേള 24ന് സമാപിക്കും. മതേതരത്വത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് ഭാരതപ്പുഴയുടെ തീരത്ത് ആരംഭിച്ച മേള, വിദ്വേഷ രാഷ്ട്രീയത്തെയും ചരിത്ര വക്രവത്കരണ ശ്രമങ്ങളെയും പ്രതിരോധിക്കുന്ന ശക്തമായ സാംസ്കാരിക വേദിയായാണ് മേളയെ ഉയർത്തിക്കാട്ടുന്നത്.
മതനിരപേക്ഷത, മാനവികത, സഹവർത്തിത്വം എന്നീ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. സമൂഹത്തിൽ വർധിച്ചുവരുന്ന വിദ്വേഷ രാഷ്ട്രീയത്തിനും ചരിത്ര വക്രവത്കരണ ശ്രമങ്ങൾക്കും എതിരെ കലയും സാഹിത്യവും സംസ്കാരവും ആയുധമാക്കിയാണ് മേള അരങ്ങേറുന്നത്.
പത്ത് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഒരുമയുടെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നുനൽകുന്ന കലാപരിപാടികൾ, മലബാറിന്റെ സമ്പന്നമായ ചരിത്ര-സാംസ്കാരിക പൈതൃകം ചർച്ച ചെയ്യുന്ന സെമിനാറുകൾ, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണങ്ങൾ, മതാന്തര സൗഹൃദ സംഗമങ്ങൾ, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലെ പ്രഭാഷണങ്ങൾ എന്നിവ നടക്കും. കേരളത്തിന്റെ ബഹുസ്വര പൈതൃകത്തെ സംരക്ഷിക്കേണ്ട കാലഘട്ടത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.
പരിപാടിയുടെ സംഘാടക സമിതി അംഗവും കവിയുമായ കെ. സച്ചിദാനന്ദൻ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മേള പ്രഖ്യാപിച്ചിരുന്നു. “തിരുനാവായയിൽ നടക്കുന്ന ബിജെപി-ആർഎസ്എസ് സ്പോൺസർ ചെയ്യുന്ന കുംഭമേളയ്ക്ക് പകരമായുള്ള സാംസ്കാരിക വേദി” എന്നാണ് അദ്ദേഹം മേളയെ വിശേഷിപ്പിച്ചത്.
തിരുനാവായയുടെയും മലബാറിന്റെയും യഥാർത്ഥ ചരിത്രവും സാംസ്കാരിക പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് സംഘാടക സമിതി അംഗം കെ.എസ്. ഹരിഹരൻ പറഞ്ഞു. “തിരുനാവായ ഒരുകാലത്ത് ഈ മേഖലയിലെ പ്രധാന വ്യാപാര-ഭരണ കേന്ദ്രമായിരുന്നു. മാമാങ്കം എന്ന ചരിത്രപ്രസിദ്ധമായ ഉത്സവം ഈ നാടിന്റെ ഭരണ-സാംസ്കാരിക പ്രാധാന്യത്തിൽ നിന്നാണ് ഉയർന്നുവന്നത്. എന്നാൽ ഇന്ന് ചരിത്രത്തെ മറക്കാനും മായ്ക്കാനും ശ്രമങ്ങൾ ശക്തമാകുകയാണ്. സെമിനാറുകളിലൂടെയും ചർച്ചകളിലൂടെയും ആ യഥാർത്ഥ ചരിത്രത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കുംഭമേള നടന്നിരുന്നതായി തെളിയിക്കുന്ന ചരിത്ര രേഖകളൊന്നുമില്ലെന്നും ഹരിഹരൻ ചൂണ്ടിക്കാട്ടി. “കുംഭമേള ഇന്ത്യയിലെ നാല് കേന്ദ്രങ്ങളുമായി മാത്രം ബന്ധപ്പെട്ടിരുന്ന ആചാരമാണ്. കേരളം അതിന്റെ ഭാഗമായിരുന്നിട്ടില്ലെന്ന് സ്വാമി ചിദാനന്ദ പുരി പോലും വ്യക്തമാക്കിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.