


ബംഗളൂരു : ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ജീവനാംശം അനുവദിക്കുമ്പോള്‍ സ്ത്രീയാണെന്ന ഒറ്റ കാരണത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാകില്ല. ഇരുകക്ഷികളുടെയും സാമ്പത്തിക സാഹചര്യം, വരുമാനം, ജീവിതനിലവാരം എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഗാര്‍ഹിക പീഡന നിയമം, ഹിന്ദു ദത്തെടുക്കലും ജീവനാംശവും സംബന്ധിച്ച നിയമം, ക്രിമിനല്‍ പ്രൊസീജര്‍ കോഡ് എന്നിവ പ്രകാരം ഹര്‍ജി നല്‍കിയെന്ന കാരണത്താല്‍ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളും തെളിവുകളും വിലയിരുത്തിയാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്ക് സ്ഥിരവരുമാനമുണ്ടെന്നും ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ലഭിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക ബാധ്യതകളേക്കുറിച്ചും വായ്പകളെക്കുറിച്ചും ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഹര്‍ജിക്കാരി സമര്‍പ്പിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ജീവനാംശം അനുവദിക്കുന്നതില്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ നിര്‍ണായകമാണെന്ന് കോടതി വ്യക്തമാക്കി. ഭാര്യയുടെ വരുമാനം, ഭര്‍ത്താവിന്റെ വരുമാനം, ഇരുവരുടെയും സാമ്പത്തിക ബാധ്യതകള്‍, ജീവിതനിലവാരം എന്നിവയെല്ലാം പരിശോധിച്ച ശേഷമേ ജീവനാംശം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാവൂ എന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം.