


മൂന്നാർ : ഇടുക്കി മൂന്നാറിലെ ജനവാസമേഖലയിൽ ഭീതി പടർത്തി വീണ്ടും ‘പടയപ്പ’യുടെ അക്രമണം. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പാർക്ക് ചെയ്തിരുന്ന കാർ പൂർണ്ണമായും തകർത്തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പടയപ്പ എസ്റ്റേറ്റ് മേഖലയിൽ എത്തിയത്. നല്ലതണ്ണി സ്വദേശിയായ ദിനകരന്റെ ഉടമസ്ഥതയിലുള്ള കാറാണ് പടയപ്പയുടെ അക്രമത്തിനിരയായത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ എസ്റ്റേറ്റ് നിവാസികൾ കാട്ടാന കാർ തകർക്കുന്നത് കണ്ട് ഭയപ്പാടിലായി. തുടർന്ന് കാറുടമ ഉടനടി തന്നെ വനവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വനവകുപ്പ് ഉദ്യോഗസ്ഥർ അതിവേഗം സ്ഥലത്തെത്തുകയും ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പടയപ്പയെ ജനവാസമേഖലയിൽ നിന്നും കാട്ടിലേക്ക് തിരികെ തുരത്തുകയുമായിരുന്നു. വനവകുപ്പിന്റെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് എസ്റ്റേറ്റ് ലയങ്ങളിലേക്ക് ആന അടുക്കാതിരുന്നതും കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായതും. കഴിഞ്ഞ കുറേ നാളുകളായി കല്ലാറിലെ മാലിന്യ പ്ലാന്റിലാണ് പടയപ്പ സ്ഥിരമായി നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെനിന്നും ആഹാരം തേടിയാണ് ആന പലപ്പോഴും ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്.