


“എൻ്റെ ഡോക്ടറെ, പ്രഷർ നോക്കാനായി ഡോക്ടർ ആ സാധനം എടുത്ത് ഞങ്ങളുടെ കയ്യിൽ ചുറ്റി ആ ബലൂൺ പിടിച്ചു ഞെക്കുന്നത് കണ്ടാൽ തന്നെ ഞങ്ങളുടെ ബിപി കൂടും ” എന്നാണ് പൊതുവേ ബിപി നോക്കുന്നതിനെ പറ്റി ചിലർ പറയാറുള്ളത്. പ്രഷറിന് ഒരിക്കൽ മരുന്ന് കഴിച്ചു തുടങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവനും കഴിക്കേണ്ടിവരും എന്നും ആളുകൾ കരുതുന്നു . എന്നാൽ ‘ സൈലൻ്റ് കില്ലർ ‘ എന്നറിയപ്പെടുന്ന രക്ത സമ്മർദ്ദത്തെ കുറിച്ച് നമ്മൾ അറിയാതെ പോകരുത്.
ഈ ലോക ഹൈപ്പർടെൻഷൻ ദിനത്തിൽ ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദത്തെ കുറിച്ചും ഉയർന്ന രക്തസമ്മർദ്ദം ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും നമുക്ക് മനസിലാക്കാം.
ലോകാരോഗ്യ സംഘടനയുടെയും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെയും കണക്കുകൾ പ്രകാരം ലോകത്തെ ജനസംഖ്യയിലെ ഏകദേശം 33% ആളുകൾക്കും ഹൈപ്പർടെൻഷൻ ഉണ്ട്. അതായത്, മൂന്നിൽ ഒരാൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് അർത്ഥം. എന്നാൽ കൗതുകകരമായ കാര്യം എന്താണെന്നോ? ഇവരിൽ പലർക്കും യാതൊരു ലക്ഷണങ്ങളും കാണിക്കില്ല. ഇപ്പോൾ ഹൈപ്പർടെൻഷനെ “സൈലന്റ് കില്ലർ” എന്ന് പറയുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ലേ?
ഇനി എന്താണ് രക്ത സമ്മർദ്ദം അല്ലെങ്കിൽ ബ്ലഡ് പ്രഷർ?
നമ്മുടെ ഹൃദയം ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തികളിൽ അനുഭവപ്പെടുന്ന സമ്മർദ്ദത്തെ ആണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്.
സിസ്റ്റോളിക് ബ്ലഡ് പ്രഷർ (Systolic blood pressure) അഥവാ ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ ഉള്ള സമ്മർദ്ദവും ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ ( Diastolic blood pressure)അഥവാ ഹൃദയം വിശ്രമിക്കുന്ന സമയത്തെ സമ്മർദ്ദവും ചേർത്താണ് രക്തസമ്മർദ്ദത്തിന്റെ തോത് പറയാറുള്ളത് . ഉദാഹരണം : 120/80 mm Hg എന്നത് മുതിർന്നവരിലെ ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവാണ് . ഇത് 140/90 അല്ലെങ്കിൽ അതിൽ കൂടുതൽ ആയാൽ ഉയർന്ന രക്തസമ്മർദ്ദമായും 90/60 നു താഴെ ആയാൽ രക്തസമ്മർദ്ദം ആരോഗ്യകരമായ അളവിലും താഴെ ആയും കണക്കാക്കുന്നു .
എങ്ങനെയാണ് രക്താദി സമ്മർദ്ദം ഉണ്ടാകുന്നത് ?
ആരോഗ്യമുള്ള അവസ്ഥയിൽ രക്തക്കുഴലിലൂടെ രക്തം സുഗമമായി കടന്നു പോകുന്നു. അതിനാൽ രക്തക്കു ഴലിൻ്റെ ഭിത്തികളിൽ അമിതമായി പ്രഷർ അനുഭവപ്പെടുന്നില്ല . എന്നാൽ നമ്മുടെ മോശം ജീവിത ശൈലിയും, മാനസിക പിരിമുറുക്കവും പ്രായാധിക്യവും മൂലം രക്തക്കുഴലുകൾ ക്രമണേ കട്ടിയാവുകയും അതിന്റെ ഇലാസ്ടിസിറ്റി/ഫ്ലക്സിബിലിറ്റി നഷ്ടപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയുള്ളപ്പോൾ രക്തത്തിന് സുഗമമായി അതിലൂടെ കടന്നു പോകാൻ സാധിക്കാതെ വരികയും രക്തം പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ കൂടുതൽ സമ്മർദ്ദം (ഉയർന്ന പ്രഷർ) അനുഭവപ്പെടുകയും ചെയ്യുന്നു. രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കൂടുതൽ അധ്വാനിക്കേണ്ടി വരികയും ചെയ്യുന്നു. രക്തക്കുഴലുകളുടെ ഈ മാറ്റം നമ്മുടെ വീടുകളിലെ പൈപ്പുമായി താരതമ്യ പെടുത്താവുന്ന ഒന്നാണ്. പൈപ്പ് പുതുതായി സ്ഥാപിക്കുമ്പോൾ തടസ്സങ്ങളില്ലാതെ ഉയർന്ന ഫോഴ്സിൽ വെള്ളം ലഭിക്കുന്നു. എന്നാൽ പൈപ്പുകൾക്ക് കാലപ്പഴക്കം സംഭവിക്കുമ്പോൾ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയോ ഫോഴ്സ് കുറയുകയോ ചെയ്യുന്നത് കാണാറുണ്ടല്ലോ.
ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ മുൻകാലങ്ങളിൽ 50-60 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് ഹൈപ്പർടെൻഷൻ കൂടുതലായി കണ്ടുവരുന്നത് . എന്നാൽ ഇന്നത്തെ സമൂഹത്തിൽ നാല്പതുകളിലോ അതിലും പ്രായം കുറഞ്ഞവരിലോ ഇത് കണ്ടുവരുന്നു. അതിനാൽ ചെറിയ പ്രായത്തിൽ തന്നെ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്നു .
പഴയകാലത്ത് ഫാസ്റ്റ് ഫുഡ് രീതികൾ ഇല്ലാതിരുന്നത് കൊണ്ടും മെയ്യനങ്ങി നല്ല അധ്വാനം ഉണ്ടായിരുന്നതിനാലും നമ്മുടെ സമൂഹത്തിന് കൂടുതൽ കാലം ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഈ പുതിയ കാലഘട്ടത്തിൽ നമ്മുടെ ജീവിത ശൈലി മാറി,വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തെക്കാളും ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കാൻ തുടങ്ങി, അരകല്ലും ആട്ട്കല്ലും ഒക്കെ മാറി മിക്സിയും ഗ്രൈൻഡറും, വാഷിങ് മെഷീനുമൊക്കെ സാധാരണമായതോടെ നമ്മുടെ ഫിസിക്കൽ ആക്ടിവിറ്റി കുറഞ്ഞു, ജീവിത ശൈലി രോഗങ്ങളും നമുക്ക് കൂട്ടായി വന്നു.
ഹൈപ്പർടെൻഷന്റെ ഏറ്റവും വലിയ അപകടം ഇതിന് പ്രത്യേക ലക്ഷണങ്ങൾ ഇല്ല എന്നതാണ്. വളരെ നിശബ്ദമായി ഇത് നമ്മുടെ അവയവങ്ങളെ ബാധിക്കുന്നു. പലപ്പോഴും യാതൊരു ബുദ്ധിമുട്ടുകളും അനുഭവപ്പെടാതെ തന്നെ ഹൈപ്പർടെൻഷൻ ശരീരത്തെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ലക്ഷണങ്ങൾ വരുന്നത് വരെ കാത്തിരിക്കുന്നത് അത്യന്തം അപകടകരമാണ്. നിശബ്ദമായി എത്തി ജീവൻ വരെ കവർന്നെടുക്കാൻ കഴിയുന്ന രോഗാവസ്ഥയാണ് ഹൈപ്പർടെൻഷൻ.
ശരിയായ ആഹാരക്രമവും ചിട്ടയായ ജീവിത ശൈലിയുമാണ് രക്തസമ്മർദ്ദത്തെ ആരോഗ്യകരമായ അളവിൽ നിലനിർത്തതാൻ പ്രധാനം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കുറച്ച് ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപെടുത്തുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. പഴങ്ങൾ, ഇലക്കറികൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.
ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക, 20-30 മിനിറ്റ് തുടർച്ചയായി നടക്കുക, പിരിമുറുക്കം കുറച്ച് മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകുക . ശ്വസന വ്യായാമങ്ങൾ, യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക , പുകവലി മദ്യപാനം ഒഴിവാക്കുക. ഉയർന്ന രക്തസമ്മർദ്ദത്തിന് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ബ്ലഡ് പ്രഷർ ഉള്ളവർ പരിശോധന പതിവായി ചെയ്യുക. 30 വയസിന് മുകളിലുള്ളവർ, കുടുംബത്തിൽ ഹൈപ്പർടെൻഷൻ ചരിത്രമുള്ളവർ, പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോൾ, മാനസിക സമ്മർദ്ദം എന്നീ പ്രശ്നങ്ങളുള്ളവർ ബി.പി പരിശോധിപ്പിക്കുന്നത് അഭികാമ്യമാണ് .
ബ്ലഡ് പ്രഷർ കണ്ടെത്തി അത് നിയന്ത്രിക്കാൻ ഡോക്ടർ മരുന്ന് നിർദ്ദേശിച്ചാൽ അതു കൃത്യമായി കഴിക്കുക. ഒരിക്കലും ഡോക്ടറിൻ്റെ നിർദ്ദേശപ്രകാരം അല്ലാതെ മരുന്ന് സ്വയം നിർത്താൻ പാടുള്ളതല്ല.
ഹൈപ്പർടെൻഷൻ ഒരു ജീവിതശൈലീ രോഗമായതിനാൽ നല്ല ജീവിത ശൈലി, ഭക്ഷണക്രമം , വ്യായാമം, കൃത്യമായ പരിശോധനകൾ , ആവശ്യമെങ്കിൽ മരുന്നുകൾ എന്നിവയിലൂടെ രക്തസമ്മർദ്ദത്തെ നമുക്ക് നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും . ” Controlling Hypertension Together. Check your blood pressure regularly, defeat the silent killer” എന്നതാണ് ഈ ലോക ഹൈപ്പർടെൻഷൻ ദിനത്തിന്റെ ആപ്തവാക്യം.
Hypertension Day Article
By:
Dr. Subhash Chandra,
Associate Professor,
Internal Medicine,
Amrita Hospital, Kochi