


തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. ജനുവരി മുതല്‍ ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മൊത്തം കേസുകള്‍ 146 ആണ്. അഞ്ചുപേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതില്‍ ഒരാള്‍ മാര്‍ച്ചിലാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗെല്ല മരണം സംഭവിച്ചത്. കോഴിക്കോടും മലപ്പുറത്തും രണ്ടു മരണങ്ങളുണ്ടായിയെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഞായറാഴ്ച അവലോകനം നടത്തിയപ്പോള്‍ രണ്ടു കുട്ടികളുടെ നില ഗുരുതരമായിരുന്നു. അതിലൊരു കുട്ടിയാണ് ഇന്നലെ മരിച്ചത്. നിപ ബാധിച്ച് ചികിത്സയിലുള്ള ആള്‍ക്കു മാത്രമേ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂ. ഇതുവരെ 38 പേര്‍ക്ക് പരിശോധന നടത്തി. ഇതില്‍ 37 പേരും നെഗറ്റീവ് ആണ്.
പകര്‍ച്ചവ്യാധികളുടെ സംഖ്യ ഇത്തവണ കൂടുതലാണ്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഇതും പകര്‍ച്ചവ്യാധി പടരാന്‍ കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പും, പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ എല്ലാവരും ഇലക്ഷന് മൂഡിലായി. അത് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയ്ക്ക് കാരണമായി എന്നും മന്ത്രി മുരളീധരന് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ അടക്കം എല്ലാവര്ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്.
പകര്‍ച്ചവ്യാധി വ്യാപനം കണക്കിലെടുത്ത് പരിശോധനകള്‍ ആരോഗ്യവകുപ്പ് കുറേക്കൂടി വിപുലമാക്കിയിട്ടുണ്ട്. രോഗപ്പകര്‍ച്ച, രോഗവ്യാപനം, രോഗപ്രതിരോധം തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഹൈപ്പവര്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ വേണ്ടി കലണ്ടര്‍ തയ്യാറാക്കും. ഓരോ സീസണിലും വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെ മുരളീധരന് വ്യക്തമാക്കി.
പകര്‍ച്ചപ്പനി പ്രതിരോധത്തിന് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള ഹൈപ്പവര്‍ കമ്മിറ്റിയുടെ ചെയര്മാന്, ലോകാരോഗ്യ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ഡോ. എസ്എസ് ലാല്‍ ആണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററും, ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ കണ്‍വീനറുമാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കമ്മിറ്റിയില്‍ അംഗങ്ങളാകുമെന്നും മന്ത്രി കെ മുരളീധരന് പറഞ്ഞു.