


ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം അമ്മക്ക് മനംമാറ്റം ഉണ്ടായാല്‍ കുട്ടിയെ വിട്ടു നല്‍കും. അതിനിടെ കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും അമ്മ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മയും കുഞ്ഞും.
അതിനിടെ കുഞ്ഞിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ 19കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നെങ്കിലും ഇക്കാര്യം യുവതി നിരസിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ പുലര്‍ച്ചെയോടെ ശുചിമുറിയില്‍ കയറി യുവതി പ്രസവിച്ചു. കുഞ്ഞിന്റെ പൊക്കിള്‍ കൊടി സ്വയം കൈകൊണ്ട് മുറിച്ചു മാറ്റി. ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. കരച്ചില് കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്.
തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവതി. മകള്‍ ഗര്‍ഭിണിയാണെന്ന കാര്യം അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. കാമുകനില്‍ നിന്നാണ് ഗര്‍ണിയായതെന്നും പിന്നീട് കാമുകനുമായി അകന്നുവെന്നും യുവതി പൊലീസിന് മൊഴി നല്കി.