

പാലക്കാട് : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും, പദ്ധതിയിലെ കേന്ദ്ര സർക്കാരിന്റെ നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പാലക്കാട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. മുൻ എൽഡിഎഫ് സർക്കാരാണ് പദ്ധതിയിൽ ഒപ്പുവെച്ചതെന്നും, മന്ത്രിയെന്ന നിലയിൽ തനിക്ക് ഒറ്റയ്ക്ക് ഇതിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും വിഷയം യുഡിഎഫിൽ വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും ഇരുപത് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും, ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു പുതിയ കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരുമായി ഈ പദ്ധതിയുടെ ധാരണാപത്രത്തിൽ മുൻ എൽഡിഎഫ് സർക്കാരാണ് ഒപ്പുവെച്ചിട്ടുള്ളത്. ഇരു സർക്കാരുകളും ചേർന്ന് ഒപ്പുവെച്ച ഒരു കരാറിൽ നിന്ന് ഏകപക്ഷീയമായി പെട്ടെന്ന് പിന്മാറുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള ഒരു പിന്മാറ്റത്തിന് ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തുകയും സംസ്ഥാനം വാങ്ങിയിട്ടില്ലെന്ന മുൻ മന്ത്രി വി.ശിവൻകുട്ടിയുടെ വാദങ്ങളും നിലവിലെ സാഹചര്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പിഎം ശ്രീയിൽ ഒപ്പിട്ടാൽ മാത്രമേ സമഗ്ര ശിക്ഷാ കേരള ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര വിഹിതം ലഭിക്കൂ എന്ന കേന്ദ്ര നിർബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ടത്. ഇതനുസരിച്ച് 92 കോടിയോളം രൂപ സംസ്ഥാനത്തിന് ലഭിച്ചിട്ടുമുണ്ട്. പിന്നീട് ഇടതുമുന്നണിയിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നതോടെ മുൻ സർക്കാർ ഈ നടപടികൾ മരവിപ്പിക്കുകയായിരുന്നു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകൾക്ക് മേൽ കേന്ദ്രം നിബന്ധനകളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് മന്ത്രി ഷംസുദ്ദീൻ പറയുന്നത്. ഫെഡറൽ സംവിധാനത്തിന് നിരക്കാത്ത ഈ നടപടികളോടുള്ള രാഷ്ട്രീയ വിയോജിപ്പ് ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. പൂർണമായി പിന്മാറണം എന്ന് വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും, നിലവിലുള്ള ഒരു കരാർ എന്ന നിലയിൽ ഇതിൽ എന്ത് തുടർനടപടി സ്വീകരിക്കണം എന്നതിൽ യുഡിഎഫ് മുന്നണിയിൽ നയപരമായ ചർച്ചകൾ ആവശ്യമാണ്. മുന്നണിയിൽ ആലോചിച്ച ശേഷം മാത്രമേ സർക്കാരിന് അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്കൂളുകളിൽ ആഴ്ചയിലൊരിക്കൽ വിദ്യാർഥികൾക്ക് കളർ ഡ്രസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ ഒരു തീരുമാനമെടുക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ഈ വിഷയത്തിൽ ബന്ധപ്പെട്ട വിദഗ്ധരുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം നടപ്പാക്കുക. കളർ ഡ്രസ് അനുവദിക്കാനുള്ള നീക്കങ്ങൾക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.