


കൊച്ചി : മാസപ്പടി കേസിൽ ഒന്നാം പിണറായി വിജയൻ സർക്കാരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇഡി. സിഎംആർഎലുമായി വീണ വിജയന് കരാർ തരപ്പെട്ടത് എങ്ങനെയെന്ന് ഇഡി അന്വേഷിക്കും.
പിണറായി സർക്കാർ ഭരിച്ചിരുന്ന സമയത്ത് സിഎംആർഎലിന് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങൾ ഇഡി പരിശോധിക്കും.
വീണയുടെ മൊഴിയിൽ ഇപ്പോഴും പൊരുത്തക്കേടുണ്ടെന്നാണ് ഇഡി പറയുന്നത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ വീണയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ 9 മണിക്കൂറോളം നീണ്ടിരുന്നു.
അടുത്തയാഴ്ച വീണ്ടും വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. സിഎംആർഎലും എക്സാലോജിക്കും തമ്മിൽ എങ്ങനെ കരാറിലെത്തിയതെന്ന് വീണയ്ക്ക് വ്യക്തമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല. ഇതു കൂടാതെ സിഎംആർഎലിൽ നിന്നും ലഭിച്ച 2.78 കോടി രൂപ എങ്ങനെ ചെലവഴിച്ചു എന്നതിനും വീണ പ്രതികരിച്ചിട്ടില്ല.