


കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്നതിനുള്ള നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തിനിയമങ്ങളെ മതാടിസ്ഥാനത്തില്‍ വ്യത്യസ്തമായി നടപ്പാക്കുന്ന നിലവിലെ സംവിധാനത്തിന് പകരമായി, എല്ലാവര്ക്കും ഒരേ സിവില്‍ നിയമം കൊണ്ടുവരികയാണ് യുസിസി ലക്ഷ്യമിടുന്നത്.
ബിജെപി ഈ നിയമത്തെ ഭരണപരവും സാമൂഹികവുമായ പരിഷ്കാരത്തിന്റെ ഭാഗമായാണ് അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനമായി ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങളിലൊന്നായിരുന്നു യുസിസി നടപ്പാക്കല്‍. അതേസമയം ബില്‍ നിയമസഭയില്‍ എത്തിയാല്‍ ശക്തമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വിവിധ പാര്‍ട്ടികളും സാമൂഹിക, മതസംഘടനകളും വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. മതസ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നേക്കും.
ഇതിനിടെ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആചാരങ്ങളും ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഭരണകക്ഷി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. യുസിസി നടപ്പാക്കിയാലും ആദിവാസി സമൂഹങ്ങളുടെ പ്രത്യേക അവകാശങ്ങളില്‍ ഇടപെടില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ബില്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടാല്‍ പാസാകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും രാഷ്ട്രീയ പിന്തുണയും അടുത്ത ദിവസങ്ങളില്‍ നിര്‍ണായകമാകും. സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള നീക്കമായാണ് ഇതിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.
ബില്‍ നിയമമായാല്‍, ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന സ്വതന്ത്ര ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറും. 2024ല്‍ ഉത്തരാഖണ്ഡ് ആണ് ആദ്യമായി സിവില്‍ കോഡ് പാസാക്കിയ സംസ്ഥാനം. തുടര്‍ന്ന് ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളും സമാന നിയമനടപടികളിലേക്ക് നീങ്ങിയിരുന്നു. ഗോവയില്‍ നേരത്തെ തന്നെ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തിലുണ്ടായിരുന്നു.