


കണ്ണൂര്‍ : കീഴാറ്റൂരിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ‘വയൽക്കിളി’ സമരത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ് . 2018 മാർച്ച് 14നാണ് സംഭവം . തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തുന്നതിനായി സ്ഥലം അളക്കാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെയാണു പ്രതിഷേധക്കാര്‍ തടഞ്ഞത്.
പ്രതിഷേധത്തിന് നേതൃത്വം നല്കിയ നേതാവ് സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി, സി. മനോഹരന്, നോബില്‍ എം. പൈകട ഉള്‍പ്പെടെയുള്ളവര്‍ പെട്രോള്‍ നിറച്ച കുപ്പികളുമായാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായതിനെത്തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. 49 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ 28 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ലഹളയുണ്ടാക്കാന്‍ ശ്രമിക്കല്‍, ഉദ്യോഗസ്ഥരെ തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. റവന്യൂ ഉദ്യോഗസ്ഥര്‍ വയല്‍ അളക്കാന്‍ എത്തിയപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് സമരക്കാർ തടഞ്ഞത്.
ദേശീയപാത നിര്‍മാണത്തിനു വയല്‍ നികത്തുന്നതിനെതിരെ ‘വയല്‍ക്കിളികള്‍’ എന്ന പേരില്‍ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയായി. എന്നാല്‍ സമരക്കാരെ പിന്തിരിപ്പിക്കുകയും ഈ ഭാഗത്ത് വയല്‍ നികത്തി ദേശീയപാത നിര്‍മാണം നടത്തുകയും ചെയ്തു. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ശ്രീജയാണ് കേസിൽ വിധി പറഞ്ഞത്.