

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യുടെ ടിവികെയ്ക്ക് പിന്തുണ നല്കാന് കോണ്‍ഗ്രസ് തീരുമാനിച്ചു. 55 വര്‍ഷം നീണ്ട ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസ് തമിഴക വെട്രി കഴകത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ടിവികെ ആസ്ഥാനത്തെത്തി എംഎല്‍എമാര്‍ പിന്തുണ അറിയിച്ചു. വര്‍ഗീയ ശക്തികളുമായി ഒരു ബന്ധവും പാടില്ലെന്ന ഉപാധി കോണ്‍ഗ്രസ് ടിവികെയ്ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.
പരസ്പര ബഹുമാനം, അര്‍ഹമായ വിഹിതം, പങ്കിട്ട ഉത്തരവാദിത്തം എന്നിവയില്‍ അധിഷ്ഠിതമായ, ടിവികെയുമായുള്ള സഖ്യം തമിഴ്നാട്ടിലെ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടി മാത്രമല്ല, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ക്കും ലോക്സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകള്‍ക്കും കൂടിയുള്ളതാണ് എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
തമിഴ്നാട് : കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ടിവികെക്ക് പൂര്‍ണ്ണ പിന്തുണ നല്കാന് തീരുമാനിച്ചതായി തമിഴ്നാടിന്റെ എഐസിസി ചുമതലയുള്ള നേതാവ് ഗിരീഷ് ചോദങ്കര്‍ അറിയിച്ചു. ‘ഭരണഘടനയില്‍ വിശ്വസിക്കാത്ത വര്‍ഗീയ ശക്തികളെ ഈ സഖ്യത്തില്‍ നിന്ന് ടിവികെ മാറ്റിനിര്‍ത്തണമെന്ന നിബന്ധനയോടെയാണ് ഞങ്ങളുടെ പിന്തുണ.’ അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന് 5 എംഎല്‍എമാരാണുള്ളത്. ടിവികെയുടെ 107 സീറ്റുകള്‍ക്കൊപ്പം കോണ്‍ഗ്രസ് കൂടി ചേരുമ്പോള്‍ ആകെ അംഗബലം 112 ആയി ഉയരും. എന്നാല്‍ കേവല ഭൂരിപക്ഷമായ 118 ലെത്താന്‍ ആറ് എംഎല്‍എമാരുടെ കൂടി പിന്തുണ ആവശ്യമാണ്. പിന്തുണ തേടിക്കൊണ്ട് ടിവികെ, വിസികെ (VCK), സിപിഐ (CPI), സിപിഎം (CPM) എന്നീ പാര്‍ട്ടികളെ സമീപിച്ചിട്ടുണ്ട്. ഇവര്‍ കൂടി പിന്തുണച്ചാല്‍ സഖ്യത്തിന്റെ അംഗബലം 119 ആയി ഉയരും.
അതിനിടെ, ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പുറത്തു നിന്ന് പിന്തുണയ്ക്കാന്‍ എഐഎഡിഎംകെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരമൊരു നീക്കത്തിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. ടിവികെയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെയിലെ 35 എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സി വി ഷണ്മുഖത്തിന്റെ നേതൃത്വത്തിലാണ് എഐഎഡിഎംകെ എംഎല്‍എമാര്‍ വിജയിന് അനുകൂല നിലപാടുമായി രംഗത്തു വന്നത്.