

പാലക്കാട് : പാലക്കാട് ചികിത്സാ പിഴവു കാരണം കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് കുടിശിക വന്ന മൂന്ന് മാസത്തെയും ധനസഹായം കൈമാറി. വനിതാ ശിശു വികസന വകുപ്പ് വഴി നൽകി വന്ന സഹായം ലഭിക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെട്ടിരുന്നു.
തുടർന്ന് മുടക്കം വന്ന സഹായം എത്രയും വേഗം നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടിശിക വന്ന മൂന്ന് മാസത്തെയും ആകെ തുകയായ 12,000 രൂപ കുടുംബത്തിന്റെ അക്കൗണ്ടിൽ ഇന്ന് ലഭിച്ചു. ജൂൺ മാസത്തെ ധനസഹായം ഉടൻ വിനോദിനിക്ക് ലഭ്യമാക്കും. ധനസഹായം തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
നേരത്തെ വിനോദിനിക്ക് സര്ക്കാര് പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങിയിരുന്നു. 4 മാസമായി 4000 രൂപ കിട്ടുന്നില്ല. പണം കിട്ടിയത് രണ്ടു മാസം മാത്രമാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് പണം പ്രഖ്യാപിച്ചത്. ഇപ്പോൾ 4 മാസമായി പണം കിട്ടുന്നില്ലെന്ന് വിനോദിനിയുടെ അമ്മ പ്രസീത വിശദമാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പണം ലഭിച്ചിരുന്നു.
വിനോദിനിക്ക് സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം സ്നേഹസമ്മാനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ എത്തിച്ചിരുന്നു. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്കൂളിലെ വിദ്യാർത്ഥിനിയാണ് വിനോദിനി.നേരത്തെ ആരോഗ്യവകുപ്പിന്റെ ചികിത്സാപ്പിഴവ് മൂലം വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
കൈ മുറിച്ച് മാറ്റേണ്ടി വന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വിഷയത്തിൽ ഇടപെടുകയും കുട്ടിയുടെ വലതുകൈ ചലിപ്പിക്കുന്നതിനായി കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയുമായിരുന്നു. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും വിഡി സതീശൻ തന്നെയാണ് നൽകിയത്. ഇതിനായി പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.
കൊച്ചിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച കൃത്രിമ കൈ കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളത്തെ ‘ഹോപ്പ്’ എന്ന സ്ഥാപനത്തിൽ വെച്ച് വിനോദിനിക്ക് വെച്ചുപിടിപ്പിച്ചത്. അന്ന് കൈ വെച്ചുപിടിപ്പിച്ചതിന് പിന്നാലെ വിഡി സതീശൻ നേരിട്ടെത്തി വിനോദിനിക്ക് ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു.