


മലപ്പുറം : എല്ലാ വര്‍ഗീയതയോടും ഇടതുമുന്നണിക്ക് ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതു വര്‍ഗീയതയോടും ഇടതുപക്ഷത്തിന് കൃത്യമായ നിലപാടുണ്ട്. എസ്ഡിപിഐ ഇടതുപക്ഷത്തെ പിന്തുണയ്ക്കും എന്നാണ് കേള്‍ക്കുന്നത് എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആ കേള്‍ക്കുന്നതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്ന് പിണറായി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എസ്ഡിപിഐ പിന്തുണയെക്കുറിച്ച് തുടര്‍ച്ചയായുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി ക്ഷുഭിതനായി. മാധ്യമപ്രവര്‍ത്തകര്‍ അജണ്ട സെറ്റ് ചെയ്തു വന്നിരിക്കുകയാണ്. അതങ്ങ് മാറ്റിവെച്ചേക്ക്. ഈ വാര്‍ത്താസമ്മേളനം തന്നെ അലങ്കോലപ്പെടുത്തണമെന്ന ഉദ്ദേശമാണോയെന്നും പിണറായി ചോദിച്ചു. നിങ്ങളുടെ വിഷമം മനസ്സിലാകുന്നുണ്ട്. ഇത് ഇവിടെ മാത്രമല്ല, എല്ലായിടത്തും കേള്‍ക്കുന്നുണ്ട്. ആ വിഷമം കൊണ്ടു നടക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ പിന്തുണയെക്കുറിച്ച് അവരോടു പോയി ചോദിക്ക് എന്നും പിണറായി പറഞ്ഞു. എന്നാല്‍ എസ്ഡിപിഐ വോട്ട് സിപിഐഎം വാങ്ങുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.
ഞങ്ങള്‍ക്ക് ഒരു വര്‍ഗീയതയുമായും ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയുമുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയുമുണ്ട്. എല്ലാ വര്‍ഗീയതയേയും ഞങ്ങള്‍ ഒരുപോലെയാണ് കാണുന്നത്. എല്ലാ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കുകയാണ്. ഏതെങ്കിലും ശക്തികളോട് ചോദിക്കാനുണ്ടെങ്കില്‍ അവരോട് പോയി ചോദിക്കണം. മാധ്യമങ്ങള്‍ക്ക് വേണ്ടത് ഞങ്ങള്‍ ഏതെങ്കിലും വര്‍ഗീയശക്തികളുമായി കൂട്ടുണ്ടെന്ന് സ്ഥാപിക്കലാണ്. ഞങ്ങളെ അതിനു കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം ഇന്നോ ഇന്നലെയോ സ്വീകരിക്കുന്നതല്ല, എത്രയോ കാലങ്ങളായി സ്വീകരിക്കുന്ന നിലപാടാണിത്. അതില്‍ ഞങ്ങള്‍ക്ക് ഒരു ചാഞ്ചാട്ടവുമില്ല. എന്നാല്‍ അതാണോ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിനെയും കോണ്‍ഗ്രസിനെയും വപിത്രീകരിക്കണം. അവര്‍ പരിശുദ്ധന്മാര്, വര്‍ഗീയതയെ തീണ്ടാത്തവര് എന്നു സ്ഥാപിക്കണം. എന്നിട്ട് എല്ലാക്കാലവും വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന എല്‍ഡിഎഫിനെ മോശമായി ചിത്രീകരിക്കുക എന്നതാണ് മാധ്യമങ്ങളുടെ ആവശ്യം. എന്തുചെയ്യാനാണ്, ജനങ്ങള്‍ അതു വിശ്വസിക്കേണ്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.