


തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും ഉറപ്പുവരുത്താന്‍ സമഗ്രമായ വിപണി വികസന സംരംഭമായ ‘ബ്രാന്‍ഡ് കേരളം’ സര്‍ക്കാര്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഓരോ മലയാളിയെയും കേരളത്തിന്റെ മികച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് പ്രേരിപ്പിക്കുംവിധം അഭിലഷണീയ മൂല്യം പ്രദാനം ചെയ്യുന്നതായിരിക്കണം ഇവയെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു.
കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ കൂട്ടുകള്‍, കശുവണ്ടി, കയര്‍ എന്നി കേരളീയ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ലോക പ്രശസ്തമാണ്. എന്നിരുന്നാലും അവ പലപ്പോഴും ആഗോള വിപണികളില്‍ ഇടനിലക്കാരുടെ ലേബലുകളിലാണ് എത്തുന്നത്. ഇതുവഴി കേരളത്തിലെ ഉല്‍പ്പാദകര്‍ക്ക് അര്‍ഹിക്കുന്ന മൂല്യം ലഭിക്കാതെ വരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ബ്രാന്‍ഡ് കേരളം എന്ന സംരംഭം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണനിലവാരവും ആധികാരികതയും ഉറപ്പുനല്‍കുന്ന ഒരു സര്ട്ടിഫിക്കേഷന് ചട്ടക്കൂടായ കേരള മാര്‍ക്ക് വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടി ഒരു പ്രത്യേക സംവിധാനം ഉണ്ടാകും. ഈ സര്ട്ടിഫിക്കേഷന് ഉപഭോക്തൃ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ആഭ്യന്തര- അന്തര്‍ദേശീയ വിപണികളിലുടനിളം കേരളത്തിലെ ഉല്‍പ്പാദകര്‍ക്ക് വിപണിയിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും വി ഡി സതീശന് വ്യക്തമാക്കി.