


തിരുവനന്തപുരം : മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതുപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. മേയർ വി.വി. രാജേഷിനും ഡപ്യൂട്ടി മേയർ ആശാനാഥിനും സംഘർഷത്തിൽ പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. മേയറെ ഓഫിസിൽ പ്രവേശിക്കാൻ സമ്മതിക്കാതെ എൽഡിഎഫ് ഉപരോധം നടത്തിയതാണ് ഉന്തിനും തള്ളിനും വഴി വച്ചത്.
വിവിധ ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മേയറും ഡപ്യൂട്ടി മേയറും രാജി വക്കണമെന്നാവശ്യപ്പെട്ടാണ് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം നടത്തിയത്. എൽഡിഎഫ് ഉപരോധത്തെ പ്രതിരോധിക്കാനായി ബിജെപി കൗൺസിലർമാരും രംഗത്തെത്തിയതോടെ കോർപ്പറേഷനിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. സിപിഎം കൗൺസിലർമാർക്കും പരുക്കേറ്റിട്ടുണ്ട്. മേയറെ ഓഫിസിൽ കയറ്റില്ലിന്നെ പറയാൻ എൽഡിഎഫിന് ആരാണ് അധികാരം നൽകിയതെന്നും അത്തരം അക്രമണങ്ങൾ അംഗീകരിക്കില്ലെന്നും മേയർ പ്രതികരിച്ചു.
വലിയ പൊലീസ് സന്നാഹത്തോടെയാണ് മേയർ വി.വി. രാജേഷ് കോർപ്പറേഷൻ ഓഫിസിൽ നിന്ന് പുറത്തേക്ക് പോയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബിജെപിയുടെ 19 കൗൺസിലർമാരും ബുധനാഴ്ച അടിയന്തരമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞ രഹസ്യമായി നടത്തിയതിനെതിരേയാണ് പ്രതിഷേധം നടത്തിയതെന്നാണ് ഇടതുപക്ഷം വാദിക്കുന്നത്. കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് മുൻപേ പ്രതിഷേധം ആരംഭിച്ചിരുന്നു. അതിനു പിന്നാലെയാണ് സത്യപ്രതിജ്ഞയിലും തിരിച്ചടി കിട്ടിയത്.