


മലപ്പുറം : പൊന്നാനി ഹാർബർ പരിസരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22) ആണ് മരിച്ചത്. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ദിഖ് പറഞ്ഞു. യുവതിയുടെ ഭർത്താവായ മുഹമ്മദിനെ സംഭവത്തിന് ശേഷം കാണാനില്ല.
ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിലെ കാല് തെരുവ് നായ്ക്കള്‍ വലിച്ചിഴക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരിസരപ്രദേശങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. ഫാത്തിമയുടെ ഭര്‍ത്താവിനായുള്ള തിരച്ചിലും തുടങ്ങിയിട്ടുണ്ട്.