

ഗുവാഹത്തി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമില്‍ ബിജെപിക്ക് തിരിച്ചടിയായി മന്ത്രി നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹാഫ്ളോങില്‍ നടന്ന ചടങ്ങില്‍ നന്ദിത കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. യുവജന ക്ഷേമ-കായിക മന്ത്രിയായിരുന്നു നന്ദിത.
മലയോര ജില്ലയായ ദിമ ഹസാവോയിലെ ഹാഫ്ളോങ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് നന്ദിത. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഹാഫ്ളോങ് മണ്ഡലത്തില്‍ നന്ദിതയെ തഴഞ്ഞു. പുതുമുഖമായ രുപാലി ലംഗ്താസയെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.
സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നന്ദിത ഗര്‍ലോസ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നന്ദിത പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ, ഹാഫ്ളോങ്ങില് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍മല്‍ ലാങ്താസ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി. നന്ദിതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടിയാണ് പിന്മാറ്റം.
19 സിറ്റിങ് എംഎല്‍എമാര്‍ക്കാണ് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്. ഇതില്‍ പലരും വിമതരായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. 126 അംഗ അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒമ്പതിനാണ് നടക്കുന്നത്. ദിമാ ഹസാവോയുടെ ശബ്ദമായ നന്ദിത പാർട്ടിയിൽ ചേർന്നതിൽ വളരെ സന്തോഷമുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.