


ന്യുഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ മുൻ കെപിസിസി അധ്യക്ഷൻമാരെ എഐസിസി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെ.സുധാകരൻ, കെ.മുരളീധരൻ, മുലപ്പള്ളി രാമചന്ദ്രൻ, എം.എം ഹസ്സൻ എന്നിവരുമായി നേതൃത്വം നാളെ കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി – രാഹുൽ – പ്രിയങ്ക കൂടിക്കാഴ്ചയിലാണ് മുതിർന്ന നേതാക്കളോട് അഭിപ്രായം ചോദിക്കാൻ തീരുമാനിച്ചത്. അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രൻ തീരുമാനം പറയാൻ ഡൽഹിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ആരോഗ്യ പ്രശ്നങ്ങളുള്ള വി.എം സുധീരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹത്തിന്റെ അഭിപ്രായം ഫോണിലൂടെ തേടാനും സാധ്യതയുണ്ട്.ഇന്ന് വൈകീട്ടോടെ അദ്ദേഹവുമായി എഐസിസി നേതൃത്വം ആശയവിനിമയം നടത്തുമെന്നാണ് സൂചന. മുതിർന്ന നേതാവായ എ.കെ ആന്റണിയുടെ നിലപാടും നിർണായകമാവും. കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരോടും ഡൽഹിയിലേക്ക് എത്താൻ നിർദേശിച്ചിട്ടുണ്ട്. മുൻ കെപിസിസി പ്രസിഡന്റുമാരുടേയും മുതിർന്ന നേതാക്കളുടേയും അഭിപ്രായ അറിഞ്ഞ ശേഷം നാളെ വൈകീട്ടോടെ മുഖ്യമന്ത്രി സ്ഥാനത്തിൽ പ്രഖ്യാപനമുണ്ടാവും.
കെ.സി വേണുഗോപാൽ എന്ന ഓപ്ഷനിലേക്ക് എഐസിസി നേതൃത്വം എത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വി.ഡി സതീശനായി വലിയ പ്രതിഷേധം ഉയർന്നത്. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും വി.ഡി സതീശനെ പിന്തുണച്ചതോടെയാണ് എഐസിസി തീരുമാനം വൈകിച്ചത്. അതിന് ശേഷം ഒരു സ്വകാര്യ ഏജൻസിയെ കേരളത്തിലെ സാഹചര്യം പഠിക്കാനായി നിയോഗിച്ചിരുന്നു. ആ ഏജൻസി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ വി.ഡി സതീശന് അനുകൂലമായ ഒരു സാഹചര്യം ഉണ്ടെന്നാണ് റിപ്പോർട്ടിലുള്ളത് എന്നാണ് സൂചന. അതിന് പിന്നാലെയാണ് മുതിർന്ന നേതാക്കളെ എഐസിസി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.