


തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളുകളെ തേടി പരസ്യം വന്നതായി ആക്ഷേപം. തിരുവനന്തപുരത്ത് തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ആപ്പിലാണ് മെസേജ് എത്തിയത് എന്നാണ് വിവരം. വൈകീട്ട് വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 20 പേരെ ആവശ്യപ്പെട്ട് കൊണ്ടുള്ള പരസ്യം ആപ്പില്‍ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 511 രൂപയും ഭക്ഷണവും വാഗ്ദാനം ചെയ്തുള്ള പരസ്യമാണ് വന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഈ പരസ്യം നീക്കം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അവിദഗ്ധ മേഖലയിലുള്ള തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ‘hirearn’ എന്ന ആപ്ലിക്കേഷന്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആ ആപ്പിന് കീഴില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ട്. ആ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇന്നലെ രാത്രി 12മണിയോടെ കോണ്‍ഗ്രസിന്റെ റാലിയിലേക്ക് ആളെ തേടിയുള്ള പരസ്യം വന്നത് എന്നാണ് ആക്ഷേപം. ഇന്ന് നടക്കുന്ന പരിപാടിയിലേക്ക് ആളെ തേടിയാണ് പരസ്യം. കോണ്‍ഗ്രസ് റാലിയാണ് എന്ന് സന്ദേശത്തില്‍ കൃത്യമായി പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
വട്ടിയൂര്‍ക്കാവില്‍ വച്ചാണ് റാലി നടക്കുന്നത്. കൃത്യമായ ലൊക്കേഷന്‍ പിന്നീട് അറിയിക്കാമെന്നാണ് മെസേജില്‍ പറയുന്നത്. വൈകീട്ട് അഞ്ചുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് റാലിയില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുള്ള ആളുകള്‍ എപ്പോഴും റെഡിയായി നില്‍ക്കണം. ഈസമയത്തായിരിക്കും റാലി നടക്കുക. 20 പേര്‍ക്കാണ് റാലിയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവുക എന്നും പരസ്യത്തില്‍ പറയുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭവം വിവാദമായതിന് പിന്നാലെ മെസേജ് ഉടന്‍ തന്നെ നീക്കം ചെയ്തതായാണ് വിവരം. തെറ്റിദ്ധാരണ മൂലമാണ് കോണ്‍ഗ്രസ് റാലിയിലേക്ക് ആളെ വേണമെന്ന് പറഞ്ഞ് മെസേജ് ഇട്ടതെന്ന് വാട്്സആപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന ‘hirearn’ ആപ്പിന്റെ അഡ്മിന്റെ വിശദീകരണവും തൊട്ടുപിന്നാലെ എത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിന്റെ പരിപാടിയിലേക്ക് ആളെ ആവശ്യപ്പെട്ട് കൊണ്ടുള്ള മെസേജ് അല്ല എന്നും വിശദീകരണത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ ഇതിനെ കുറിച്ച് അറിയില്ല എന്നാണ് തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയ വിശദീകരണം.