


പൂനെ : പൂനെ പ്രിംപ്രിയിലെ മോർവാഡിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിനോദ് പി. എസ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരണപ്പെട്ടത്.
മോർവാഡിയിലെ ‘കരിഷ്മ ഗ്ലോറി സൊസൈറ്റി’യിലെ വാടക ഫ്ലാറ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം. കരി കത്തിച്ച് വിഷവാതകം ശ്വസിച്ചും വിഷം ഉള്ളിൽ ചെന്നുമാണ് മൂവരും ജീവനൊടുക്കാൻ ശ്രമിച്ചത്. അയൽവാസികളും നാട്ടുകാരും ചേർന്ന് മൂവരെയും ഉടൻ തന്നെ പ്രിംപ്രിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തുമ്പോഴേക്കും വിനോദ് മരണപ്പെട്ടിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിൽജയും മകൾ പൂർണിമയും കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഫ്ലാറ്റിൽ നിന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സന്ത് തുക്കാറാം നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.