

ഇസ്ലാമാബാദ് : പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നല്‍കിയവര്‍ക്ക് നേരെ പാകിസ്ഥാന് സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ 20 പേര് കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പാക് അധീന കശ്മീരിലെ റാവല്‍കോട്ട് ഡ്രെയ്ക് എയ്റ്റ്ത്ത് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
കൊല്ലപ്പെട്ടവരില്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി കോര്‍ കമ്മിറ്റി അംഗവും വക്താവുമായ ഉമര്‍ നാസിര്‍ കശ്മീരിയുടെ സഹോദരന് ഉസ്മാന് നാസിറും ഉള്‍പ്പെടുന്നു. പ്രദേശത്തെ റോഡില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ജൂണ്‍ 5 മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഇതുവരെ പാക് സുരക്ഷാ സേനയാല്‍ 80 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
‘റാവല്‍കോട്ട് മൃതദേഹങ്ങളും പരിക്കേറ്റവരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഞാന്‍ പോലും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നിരവധി സഹോദരങ്ങളാണ് കൊല്ലപ്പെട്ടത്. അല്‍പ്പമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്ക്കൂ, ഞങ്ങളെ സഹായിക്കൂ.’ പാക് അധീന കശ്മീരിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ അഖീല്‍ ഭായ് വീഡിയോ സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.
പ്രക്ഷോഭം അടിച്ചമര്‍ത്താനായി 14,000-ത്തിലധികം സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ പാകിസ്ഥാന് മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ പാക് സേന സ്നൈപ്പര്‍മാരെ ഉപയോഗിച്ച് വെടിവെച്ചതായും, ദീര്‍ഘദൂര കണ്ണീര് വാതക ഷെല്ലുകളും ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. എതിര്‍പ്പുകളെ നിശബ്ദമാക്കാന്‍ സുരക്ഷാ സേനയ്ക്ക് വെടിയുതിര്‍ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
കടുത്ത നടപടികളുടെ ഭാഗമായി മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിരോധിച്ചിരിക്കുകയാണ്. പലയിടങ്ങളിലും വൈദ്യുതി, ജല വിതരണം എന്നിവയും അധികൃതർ വിച്ഛേദിച്ചു. ആകെ 53 സീറ്റുകളുള്ള നിയമസഭയിൽ 45 സീറ്റുകളിലേക്കാണ് നേരിട്ടുള്ള വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ജൂലൈ 27-ന് കഴിഞ്ഞു, ഓഗസ്റ്റ് 2, ഓഗസ്റ്റ് 10 തീയതികളിലായിട്ടാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പുകൾ നടക്കുന്നത്.