

മലപ്പുറം : മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങളും തെറിവിളിയും നടത്തി മതസ്പർദ്ധയുണർത്തുന്ന രീതിയിൽ വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ പൊലീസിൽ പരാതി. ‘സ്വാമി’ എന്ന് വിളിക്കപ്പെടുന്നയാൾക്കെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറം ജില്ലാ പൊലീസിൽ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ മത വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താനും കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനും ഉദ്ദേശിച്ചുള്ളതാണ് വിഡിയോയെന്ന് യൂത്ത് ലീഗ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരത്ത് നടന്ന ഒരു പൊതുപരിപാടിയിൽ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ടാണ് യൂട്യൂബർ അധിക്ഷേപ വിഡിയോ നിർമിച്ചിരിക്കുന്നത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിജീവിതത്തെയും രാഷ്ട്രീയ പദവിയെയും ലക്ഷ്യമിട്ട് അങ്ങേയറ്റം മോശമായ തെറിവിളികളും അശ്ലീല പരാമർശങ്ങളുമാണ് വിഡിയോയിൽ നടത്തിയിട്ടുള്ളത്.
നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ കടുത്ത വർഗീയ വേർതിരിവും ശത്രുതാമനോഭാവവും സൃഷ്ടിക്കുന്ന രീതിയിലാണ് വിഡിയോയിലെ ഉള്ളടക്കം. വിഡിയോയിൽ പ്രകോപനപരവും അശ്ലീലവുമാകിയ വാക്കുകൾ ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന മന്ത്രിയെ ഇകഴ്ത്തിക്കാട്ടാനും, വിവിധ രാഷ്ട്രീയ പാർട്ടികൾക്കും മതവിഭാഗങ്ങൾക്കുമിടയിൽ സ്പർധ വളർത്തി കേരളത്തിൽ കലാപം ഉണ്ടാക്കാനും പ്രതി ബോധപൂർവ്വം ശ്രമിച്ചതായി പരാതിയിൽ പറയുന്നു. അതിനാൽ, മതം, ജാതി, ജനനസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനെതിരെയുള്ള ഭാരതീയ ന്യായ സംഹിത വകുപ്പ് 196, ദേശീയ ഉദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾക്കും പ്രചരണങ്ങൾക്കുമെതിരെയുള്ള ബിഎൻഎസ് വകുപ്പ് 197 എന്നിവയ്ക്ക് പുറമെ, ആശയവിനിമയ ഉപാധികളിലൂടെയുള്ള ശല്യപ്പെടുത്തലും പൊതുസമാധാനത്തിന് ഭീഷണി ഉയർത്തലും തടയുന്ന കേരള പൊലീസ് ആക്ട് വകുപ്പ് 120 (O) എന്നീ ശക്തമായ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് യൂത്ത് ലീഗ് പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.