


കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരുന്ന മാലിന്യ ടാങ്കിലെ പലകകൾ ഇളക്കാനിറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്. ടാങ്കിൽ കുടുങ്ങിയ സിറാജിനെ രക്ഷിക്കാൻ ഇറങ്ങിയ സമീപത്തെ കടയിലെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം തളർച്ചയും അനുഭവപ്പെട്ടു. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൂട്ടോളിയിലാണ് ദാരുണമായ സംഭവം.
മൂട്ടോളി കുരുവട്ടൂർ റോഡിലുള്ള മൂരിക്കര സ്വദേശി സാഹിദ് എന്ന വ്യക്തിയുടെ സലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഈ കെട്ടിടത്തിലെ വാർപ്പ് കഴിഞ്ഞ മാലിന്യ ടാങ്കിലെ പലകകൾ ഇളക്കി മാറ്റുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സിറാജ് ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ അടഞ്ഞുകിടന്ന ടാങ്കിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നതിനാൽ സിറാജ് പെട്ടെന്ന് തളർന്നുവീണു. ഇതോടെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഒച്ചവെച്ച് ബഹളം കൂട്ടി. ഈ സമയം സമീപത്തെ കടയിലെ ജീവനക്കാരനായ സുനിൽ എന്ന വ്യക്തി സിറാജിനെ രക്ഷിക്കുന്നതിനായി ഉടൻ തന്നെ ടാങ്കിലേക്ക് ഇറങ്ങിയെങ്കിലും സുനിലിനും ടാങ്കിനുള്ളിൽ വെച്ച് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
സംഭവമറിഞ്ഞ് വെള്ളിമാട്കുന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലത്തെത്തിയാണ് ടാങ്കിൽ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന സിറാജിനെ ഉടൻ തന്നെ കക്കോടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ പരിക്കേറ്റ സുനിലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സുനിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.