


ന്യൂയോർക്ക് : ബഹിരാകാശ ചരിത്രത്തിൽ മലയാളികളുടെ അഭിമാനം ഉയർത്തി ഡോ. അനിൽ മേനോൻ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) എത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് യുഎസ് സ്പേസ് ഫോഴ്സ് കേണലും നാസ ബഹിരാകാശയാത്രികനുമായ ഡോ. അനിൽ മേനോൻ സ്വന്തമാക്കിയത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അനിലും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്.
ഇന്ത്യൻ സമയം ജൂലൈ 14 രാത്രി 8.17ന് കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് 2.1എ റോക്കറ്റിലാണ് അനിലും സംഘവും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. റഷ്യൻ ബഹിരാകാശയാത്രികരായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവരും ഈ സംഘത്തിൽ ഉണ്ട്. വിക്ഷേപണത്തിന് പിന്നാലെ പേടകം നിശ്ചയിച്ച സമയത്ത് ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ഓടെ സോയൂസ് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് പോർട്ടുമായി വിജയകരമായി ഡോക്ക് ചെയ്തു.
തുടർന്ന് പുലർച്ചെ 2 മണിയോടെ അനിൽ മേനോനും സഹയാത്രികരും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു. ഡോക്കിങ് നടപടികൾ വിജയകരമായി പൂർത്തിയായതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ നിലവിലെ സംഘാംഗങ്ങൾ പുതിയ സംഘത്തെ സ്വീകരിച്ചു. അടുത്ത മാസങ്ങളിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക പഠനങ്ങൾ, മനുഷ്യശരീരത്തിൽ ബഹിരാകാശാന്തരീക്ഷം ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ എന്നിവയിൽ അനിലും സംഘവും പങ്കെടുക്കും.