


കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് തിരിച്ചടി. ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി.
ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് സുനി ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞിരുന്നു. ഫോൺ ഇതുവരെ കണ്ടെത്താതിനാൽ ദൃശ്യങ്ങൾ പകർത്തി എന്നു പറയുന്നത് നിയമപരമായി നിലനിൽക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്. ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിൽ കാലതാമസം ഉണ്ടായതിനാൽ തെളിവുകളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി പറയുന്നു.
കേസിൽ 20 വർഷം കഠിന തടവാണ് കോടതി പൾസര്‍ സുനിക്ക് വിധിച്ചത്. കേസിൽ മറ്റു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അഞ്ചാം പ്രതി വടിവാൾ സലീമും ആറാംപ്രതി പ്രദീപും നേരത്തെ തന്നെ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു.