

തൃശൂര്‍ : കാപ്പ ചുമത്തി ജയിലിലടച്ച തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. ഇതിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 11 മണിയോടെ വിയ്യൂര്‍ ജയിലിലെ ലൈബ്രറി ഹാളിലായിരുന്നു സത്യപ്രതിജ്ഞ.
ഈശ്വരനാമത്തിലാണ് സുഗതന് ഇക്കുറി സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ, ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെയും മറ്റും പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു. ഇവരില്‍ ഒരാളാണ് സുഗതന്. മറ്റ് അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും സുഗതന് ജയിലിലായതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ജൂണ്‍ ഒന്‍പത് മുതല്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് സുഗതന്. അതിനാല്‍ സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ഇതോടെ സത്യപ്രതിജ്ഞ അനിശ്ചിതാവസ്ഥയിലായിരുന്നു. എന്നാല്‍, ജയിലില്‍ സത്യപ്രതിജ്ഞ നടത്തുന്നതില്‍ വിയോജിപ്പില്ലെന്ന സര്‍ക്കാര്‍ വാദം കോടതി ശരിവെച്ച് അനുമതി നല്‍കുകയായിരുന്നു.
വട്ടിയൂര്‍ക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആര്. സുഗതന്. കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകര്‍ത്ത കേസ്, ഭര്‍ത്താവിന് എതിരെയുള്ള പകതീര്‍ക്കാന്‍ ഭാര്യയെ വീട്ടില്‍ കയറി ആക്രമിച്ച കേസ്, ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.