


പുനെ : പുനെയിലെ പിംപ്രി ചിഞ്ച്വാഡിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 16 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് 2 ദിവസമായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്.
മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ പരിസരത്താണ് തകർന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. കനത്ത മഴയെ തുടർന്ന് ഒരു വലിയ മാലിന്യക്കൂമ്പാരം അതിൽ ഇടിഞ്ഞുവീണതിനെ തുടർന്നാണ് അപകടമെന്നാണ് നിഗമനം.
നഗരസഭയ്ക്ക് വേണ്ടി മാലിന്യം സംസ്കരിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസായാണ് കെട്ടിടം ഉപയോഗിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കെട്ടിടത്തിൽ 20 പേരുണ്ടായിരുന്നതായാണ് കണക്കുകൾ. ഇതിൽ 4 പേരെ രക്ഷപ്പെടുത്തി. ബാക്കി ഉള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്തേക്ക് എൻഡിആർഎഫ് എത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.