


തൃക്കരിപ്പൂർ : കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബിജെപി നേതൃത്വത്തെ പരിഹസിച്ച് തൃക്കരിപ്പൂർ എംഎഎ സന്ദീപ് വാര്യർ. സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്ന് ബിജെപി നടപടിയെടുത്തതായും ഓഫീസ് ചുമതലകളിൽ നിന്നും മാറ്റിനിർത്തിയതായുമുള്ള വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പ്രതികരണം.
ഉത്തർപ്രദേശിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ ചാരിയായിരുന്നു സന്ദീപ് വാര്യരുടെ കുറിപ്പ്.
ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബി.ജെ.പി നേതാക്കൾ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ? അവിടെ നിന്ന് അടിച്ച് മാറ്റി ജീവിക്കുമായിരുന്നില്ലേ? — സന്ദീപ് വാര്യർ കുറിച്ചു.
ഫണ്ട് തട്ടിപ്പ് നടത്തിയതിന് സംസ്ഥാന ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയെടുത്തുവെന്ന് അറിഞ്ഞുവെന്നും, കേന്ദ്ര നേതൃത്വമാണ് ഈ ഫണ്ട് ചോർച്ചയ്ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പരിഹസിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രത്യാക്രമണവുമായി ബി.ജെ.പി അനുഭാവികൾ കമന്റ് സെക്ഷൻ കീഴടക്കി. സന്ദീപ് വാര്യരുടെ പഴയ രാഷ്ട്രീയ നിലപാടുകളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് കമന്റുകളിൽ ഭൂരിഭാഗവും.
“എടോ മുസ്ലീങ്ങളെ മൊത്തത്തിൽ തെറിവിളിച്ചു നടന്ന തന്നെയൊക്കെ ഉൾകൊള്ളാൻ അവര് ഇത്ര ഗതികെട്ടോ?”, “വടക്കോട്ട് നോക്കി കുരയ്ക്കാതെ കേരളത്തിലെ ക്ഷേത്ര സ്വർണ്ണ കൊള്ളയെ പറ്റി പറയെടോ” തുടങ്ങിയ കമന്റുകളുമായാണ് ബി.ജെ.പി അനുഭാവികൾ സന്ദീപിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.