

കൊല്ലം : മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടമാണ് ടി എം അരുണിനെതിരെ പരാതി നല്‍കിയത്. എംടെക്കുകാരനായ തനിക്ക് കിട്ടിയ ജോലി വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നാണ് അരുണ്‍ പ്രതികരിച്ചത്.
എന്നാല്‍ കരാര്‍ ജീവനക്കാരെ സ്ഥലം മാറ്റുന്നത് വിചിത്ര നടപടിയാണെന്നാണ് ഫൈസല്‍ പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരത്തില്‍ നിരവധി ബന്ധു നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപ ശമ്പളം നല്‍കിക്കൊണ്ടാണ് ജനങ്ങള്‍ക്ക് യാതൊരു ഉപകാരവും ഇല്ലാത്ത ഇത്തരം നിയമനങ്ങള്‍ നടത്തിയിരിക്കുന്നതെന്നുമാണ് പരാതിക്കാരന് പറയുന്നത്.
2023ലാണ് ജെ മേഴ്സിക്കുട്ടിയമ്മയുടെ മകന് ടി എം അരുണിന് ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമനം ലഭിച്ചത്. ജില്ലകളിലെ മെഗാ പദ്ധതികളുടെ ഏകോപനത്തിനായി ജില്ലാ വികസന കമ്മീഷണറുടെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവരെ സഹായിക്കുന്നതിന് വേണ്ടി ആയിരുന്നു ജൂനിയര്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ നിയമനം.
അരുണിന് ആദ്യം നിയമനം ലഭിച്ചത് ആലപ്പുഴ ജില്ലയിലാണ്. കൊല്ലത്ത് സമാന തസ്തികയില്‍ ജോലി ചെയ്തയാള്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് അരുണിന്റെ അപേക്ഷ പ്രകാരം സ്വന്തം ജില്ലയിലേക്ക് മാറ്റി. ഡിഡിസി തസ്തിക സബ് കലക്ടര്‍ക്ക് കൈമാറി. ഡിഡിസി ഇല്ലാത്തപ്പോള്‍ എന്തിന് ജെആര്‍പിയെന്നും തസ്തിക തന്നെ ചിലര്‍ക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കരാര്‍ ജീവനക്കാരന്റെ സ്ഥലം മാറ്റം അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.