


ന്യൂഡൽഹി : ത്രിണമൂൽ കോൺഗ്രസ് പാർട്ടിയുടെ പേരും ചിഹ്നവും ലോഗോയും ദുരുപയോഗം ചെയ്തതായി പരാതി. മമത ബാനർജിക്ക് വേണ്ടി പാർട്ടി എംപിയായ ഡോളാ സെൻ ആണ് പാർട്ടി വിമതർക്കെതിരെ പൊലിസിൽ പരാതി നൽകിയത്. നാല് വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ രണ്ടെണ്ണം കൊൽക്കത്തയിലെ ന്യൂ ടൗൺ, പ്രഗതി മൈതാൻ സ്റ്റേഷനുകളിലാണ്. ബാക്കി രണ്ട് പരാതികൾ ബിധാനഗർ സിറ്റി പൊലീസിന്റെ പരിധിയിലുള്ള ന്യൂ ടൗൺ പൊലീസ് സ്റ്റേഷനിലും ബിധാനഗർ സൈബർ പൊലീസ് സ്റ്റേഷനിലുമാണ്.
നാല് പരാതികളിലെയും പ്രധാന ആരോപണം ഒന്നുതന്നെയാണ്. വിമത വിഭാഗം നടത്തുന്ന പരിപാടികളിൽ തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ലോഗോ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതികളിൽ ആരോപിക്കുന്നത്. മമത ബാനർജിയെ ആ പദവിയിൽ നിന്ന് മാറ്റി, പാർട്ടിയുടെ മുതിർന്ന നിയമസഭാംഗമായ അരൂപ് റോയിയെ പുതിയ തൃണമൂൽ കോൺഗ്രസ് അധ്യക്ഷനായി വിമത വിഭാഗം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതായും പരാതികളിൽ ആരോപിക്കുന്നു.
തൃണമൂൽ കോൺഗ്രസ് ഒരു സംഘടനാ സമ്മേളനം 2022-ൽ നടത്തിയിരുന്നതായി മമത അനുകൂല നേതാക്കൾ പറഞ്ഞു. പ്രതിനിധികൾ അതിൽ വോട്ട് ചെയ്ത് മമത ബാനർജിയെ പാർട്ടിയുടെ ആജീവനാന്ത അധ്യക്ഷയായി തെരഞ്ഞെടുത്തു. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിച്ച അംഗങ്ങൾക്ക് മാത്രമായിരുന്നു ആ സമ്മേളനത്തിൽ പ്രതിനിധികളായി വോട്ട് ചെയ്യാൻ യോഗ്യത ഉണ്ടായിരുന്നത്.
പാർട്ടി ഭരണഘടന അനുസരിച്ച്, ഇത്തരം ഒരു സമ്മേളനം ഓരോ അഞ്ച് വർഷം കൂടുമ്പോഴുമാണ് നടക്കുക. അതായത് അടുത്ത സമ്മേളനം 2027-ലാണ് നടക്കേണ്ടത്. ഇതിനിടയിൽ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ തന്നെ, ഒരു പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാൻ പാർട്ടിയുടെ അധ്യക്ഷയായ മമത ബാനർജിക്ക് മാത്രമേ അധികാരമുള്ളൂവെന്നും അവർ പറഞ്ഞു.
“പാർട്ടിയുടെ ഈ കീഴ്വഴക്കം പാലിക്കുന്നതിന് പകരം, വിമത വിഭാഗം മമത ബാനർജിയുടെ അസാന്നിധ്യത്തിൽ അരൂപ് റോയിയുടെ പേര് അവരുടെ അധ്യക്ഷനായി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയാണുണ്ടായത്. അന്നുമുതൽ പാർട്ടിയുടെ ലോഗോയും പേരും അവരുടെ ഇഷ്ടപ്രകാരം ഉപയോഗിച്ചു വരികയാണ്. അതുകൊണ്ടാണ് ഞങ്ങൾ നാല് വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായി പരാതികൾ നൽകിയത്,” നേതാക്കൾ പറഞ്ഞു.
ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വലിയ പ്രതിസന്ധിയാണ് ടിഎംസിയിൽ നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജി ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.വിമത എംപിമാരായ 20 പേരെ അയോഗ്യരാക്കണമെന്നാണ് ബാനര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പാര്‍ലമെന്റിന് പുറത്തുള്ള മാധ്യമപ്രവര്‍ത്തകരോടും അഭിഷേക് പ്രതികരിച്ചു. ഭരണഘടനയുടെ ഒരു പകര്‍പ്പ് ഉയര്‍ത്തിക്കാണിച്ചായിരുന്നു അഭിഷേക് പ്രതികരിച്ചത്.
അഭിഷേകിനൊപ്പം ലോക്സഭാംഗങ്ങളായ സൗഗത റോയ്, മഹുവ മൊയ്ത്ര, കല്യാണ്‍ ബാനര്‍ജി, രാജ്യസഭാ നേതാവ് ഡെറക് ഒബ്രയാന് എന്നിവരും ഉണ്ടായിരുന്നു. നിയമപ്രകാരം ഒരു പാര്‍ലമെന്റംഗം സ്വമേധയാ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ സഭാംഗത്വം റദ്ദാക്കപ്പെടും. പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗവും മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ മാത്രമേ അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാനാകുള്ളൂവെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.
തൃണമൂലിന്റെ ചിഹ്നത്തിൽ വിജയിച്ചവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ ആയോഗ്യരാക്കപ്പെടും. ഒരാള്‍ക്ക് ഒരേസമയം രണ്ട് പാര്‍ട്ടികളില്‍ അംഗമാകാനാകില്ലെന്നും ബാനര്‍ജി ചൂണ്ടിക്കാട്ടി. മറ്റൊരു പാര്‍ട്ടിയില്‍ ചേരുമെന്ന തരത്തില്‍ വിമത എംപിമാര്‍ നടത്തിയ പരസ്യ പ്രസ്താവനകളും ലയനം സംബന്ധിച്ച അവകാശവാദവും അവരെ അയോഗ്യരാക്കാനുള്ള മതിയായ കാരണങ്ങളാണെന്നും അഭിഷേക് ബാനര്‍ജി പ്രതികരിച്ചു.
ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തിഗത ഹരജികള്‍ സമര്‍പ്പിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിള്ളലുകള്‍ക്ക് എല്ലാം കാരണം ബിജെപിയുടെ രഹസ്യമായ പ്രവര്‍ത്തനങ്ങളാണെന്നും ബാനര്‍ജി പറഞ്ഞു. മഹാരാഷ്ട്രയിലെ ശിവസേന ഉദ്ദവ് വിഭാഗം നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു ബാനര്‍ജിയുടെ പരാമര്‍ശം.
അതേസമയം, സ്പീക്കറെ സന്ദര്‍ശിച്ച ശേഷം കൊല്‍ക്കത്തയിലെത്തിയ അഭിഷേകിനെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് അഭിഷേകിന് നേരെ ചിലര്‍ ചീമുട്ടയെറിഞ്ഞു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരാണ് മുട്ടയേറ് നടത്തിയതെന്ന് ടിഎംസി ആരോപിച്ചു.