

കോഴിക്കോട് : സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. മദ്യത്തിന്റെ വിലക്കുറവ് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് സഹായകമാകും. പൂര്‍ണ മദ്യനിരോധനത്തിലൂടെയേ നാട്ടില്‍ സമാധാനം ഉണ്ടാകൂവെന്നും കാന്തപുരം പറഞ്ഞു.
വിലകുറഞ്ഞ മദ്യം വില്പ ന ടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് കുരങ്ങന് ഏണി വച്ചുകൊടുക്കുന്നതുപോലെയാകും. അത് മദ്യവ്യാപനത്തിന് കാരണമാകുമെന്നും കാന്തപുരം പറഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ വിധ ലഹരിക്കെതിരായ പരിപാടികളെയും പിന്തുണയ്ക്കുന്നുണ്ട്. വിലകുറഞ്ഞ മദ്യം വില്പന നടത്തിയാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സഹായിക്കുന്ന നടപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനികുതിയില്‍ ഇളവ് നല്‍കയിത് മദ്യവ്യാപനത്തിന് ഇടയാക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയോട് നീതി പുലര്‍ത്തണമെന്നും നേരത്തെ കാന്തപുരം വിഭാഗം ആരോപിച്ചിരുന്നു.
മദ്യനികുതിയില്‍ ഇളവ് നല്കിയ നിര്‍ദേശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍ പ്രൊപ്പോസല്‍ വരുന്നതിന് മുമ്പു തന്നെ പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ച നടത്തുകയായിരുന്നു വേണ്ടതെന്ന് സുധീരന് പറഞ്ഞു.വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയം വിവാദമായതിന് പിന്നാലെ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വി.ഡി.സതീശന് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഒരു തീരുമാനം നിയമസഭയില്‍ തന്നെ മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്ന വിവാദം ഒഴിവാക്കാമായിരുന്നു. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയും ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് നയം. ലഹരിയുടെ വ്യാപനമൂലം കേരളത്തില്‍ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ മദ്യവ്യാപനം ശക്തിപ്പെടുത്തിയെന്നും സുധീരന് പറഞ്ഞു. മുന്നണിയില്‍ വിശദമായ ചര്‍ച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണം. ആ വികാരം ഉള്‍ക്കൊണ്ട് മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിത നയം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിരുന്നു.
ബജറ്റ് പ്രൊപ്പോസല്വെക്കുമ്പോള് മദ്യവ്യാപനത്തിന് അവസരം ഒരുക്കുന്ന ഒരുതീരുമാനവും പാടില്ലാത്തതാണ്. വിഷയത്തില്‍ ചില ഒറ്റപ്പെട്ട ശക്തികളൊഴികെ രംഗത്തെത്തുകയുണ്ടായി. അതിലൊരു തീരുമാനം ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ പറഞ്ഞിരുന്നെങ്കില്‍ ഏറ്റവും നന്നാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനില്‍ക്കുകയാണ്.
ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഫിനാന്‍സ് ബില്ല് അവതരിപ്പിക്കുമ്പോള്‍ ഈ പ്രൊപ്പോസല്‍ ഒഴിവാക്കണം. അതാണ് ഏറ്റവും നല്ല രീതി. സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്ക്കുന്ന ഒരു തീരുമാനവും പാടില്ല. വലിയ ജനപിന്തുണ ലഭിച്ച സര്‍ക്കാരാണിത്. ഓരോ തീരുമാനത്തിലും സുതാര്യത നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും സുധീരന് ആവശ്യപ്പെട്ടു.