


ചെന്നൈ : തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് മുസ്ലിം ലീഗ്. ടിവികെ സർക്കാരിന്റെ ഭാഗമായതിന് പിന്നാലെയാണ് ലീഗ് തീരുമാനം. ചെന്നൈയിൽ നടന്ന ലീഗ് ജനറൽ കൗൺസിലിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ടിവികെ മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോൾ ഡിഎംകെ സഖ്യത്തിൽ തുടരുന്നത് ഉചിതമല്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
ഡിഎംകെ സഖ്യത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം വ്യക്തമാക്കുന്ന പ്രമേയം പാർട്ടി പാസാക്കിയതായി ഐയുഎംഎല്ലിന്റെ ജനറൽ ബോഡി യോഗത്തിന് ശേഷം ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് അറിയിച്ചു.ഗവർണർ ഭരണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് ഐയുഎംഎൽ പിന്തുണ നൽകുന്നതായി ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിനെ അറിയിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
“തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ ജനവിധിയെ മാനിച്ചുകൊണ്ട്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ടിവികെ സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകി. നിലവിൽ സി ജോസഫ് വിജയ് നയിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ, ഡിഎംകെ സഖ്യവുമായുള്ള ബന്ധം തുടരാൻ ഞങ്ങൾക്ക് സാധ്യമല്ല,” പ്രമേയത്തിൽ പറയുന്നു.ഉപതെരഞ്ഞെടുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെയും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് ശേഷം ഭാവിയിലെ തിരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായിട്ടാണ് ഐയുഎംഎൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അവർ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മൊയ്തീൻ വിശദീകരിച്ചു. “ഇതുവരെ, ഡിഎംകെ സഖ്യത്തിന്റെ ഭാഗമായപ്പോഴാണ് ഞങ്ങൾ തമിഴ്നാട്ടിൽ വിജയിച്ചത്. ഡിഎംകെ സഖ്യം വീണ്ടും സർക്കാരിൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, തെരഞ്ഞെടുപ്പിനെ നേരിട്ടു, പക്ഷേ ദൈവത്തിന്റെ പദ്ധതി വ്യത്യസ്തമായിരുന്നു” അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ ലീഗ് രണ്ട് സീറ്റിൽ ജയച്ചിരുന്നു. പിന്നീട് ടിവികെക്ക് പിന്തുണ നൽകുകയായിരുന്നു.