

കൊച്ചി : നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഹാസ്യ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ കാഴ്ച്ചവെച്ച നടനാണ് വിട വാങ്ങുന്നത്. മികച്ച നടന്നുള്ള ദേശീയ പുരസ്കാരം ‘ആദമിന്റെ മകൻ അബു’ എന്ന സിനിമയിലൂടെ സ്വന്തമാക്കിയിട്ടുണ്ട്.
രാത്രിയോടെയാണ് മരണം. ഇന്ന് രാവിലെ 9 മണി മുതൽ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് ശേഷം വീട്ടിലും പൊതുദർശനമുണ്ടാകും. വൈകീട്ടാണ് സംസ്കാരം.
ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. മിമിക്രി വേദികളിലൂടെ സിനിമാ ലോകത്തേക്കെത്തിയ സലിം കുമാർ കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള ട്രൂപ്പുകൾക്കു വേണ്ടി വേദിയിലെത്തി. സ്റ്റേജ് ഷോകളിലൂടെ ടെലിവിഷൻ രംഗത്തേക്കും പിന്നാലെ സിനിമാ മേഖലയിലേക്കും അദ്ദേഹം പിന്നീട് കടന്നെത്തി.
‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യസിനിമ. അന്നു മുതൽ ഇന്നു വരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളികളെ ചിരിപ്പിക്കുകയും സാമൂഹിക വിഷയങ്ങളിലുൾപ്പെടെ നിലപാടുകൾ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തിനപ്പുറം സംവിധായകൻ, എഴുത്തുകാരൻ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
2000ത്തിൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി- മെക്കാർട്ടിൻ ടീം സലീമിനെ വിളിക്കാൻ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ ഹാസ്യ കഥാപാത്രങ്ങൾ നിരവധി പുറത്തിറങ്ങി.
മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാൽ, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ വക്കീൽ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്നവ കൂടിയാണ്. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോൺ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ മികച്ച സാക്ഷ്യങ്ങളായിരുന്നു. സലിം കുമാറിന്റെ പല രംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇന്നും വൻ ഹിറ്റുകളാണ്.
2005ൽ സലിംകുമാറിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തി. അച്ഛനുറങ്ങാത്ത വീടിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു. 2010ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും സലിം കുമാർ സ്വന്തമാക്കി. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2012ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും നേടി.
2017ൽ പുറത്തു വന്ന ആദ്യ സംവിധാന സംരംഭമായ കറുത്ത ജൂതൻ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിനും അർഹമായി. 2018ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു.
1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയിൽ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായാണ് ജനനം. 1996 സെപ്റ്റംബർ 14നാണ് സുനിതയെ വിവാഹം ചെയ്തത്. പിറ്റേ ദിവസമാണ് ബന്ധു വീട്ടിൽ നിന്ന് ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിൽ അഭിനയിക്കാൻ പോയതെന്ന് സലിം കുമാർ പറഞ്ഞിട്ടുണ്ട്. യുവനടൻ കൂടിയായ ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.
തന്റെ രോഗാവസ്ഥകളെ കുറിച്ചും സലിം കുമാർ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തനിക്ക് ലിവര് സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ നേരത്തെ പങ്കുവെച്ചിരുന്നു.
വി ഡി സതീശൻ മുഖ്യമന്ത്രിയായ സമയത്ത് സലിം കുമാർ ആശംസയുമായി എത്തിയിരുന്നു. പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകിയെന്ന് പറവൂർകാർക്ക് അഭിമാനത്തോടു കൂടി പറയാമെന്നായിരുന്നു അന്ന് സലിം കുമാർ പറഞ്ഞത്.
കഠിനാധ്വാനം കൊണ്ട് തീർത്ത വിജയ കഥയാണ് സലിം കുമാറിന്റെ കലാ ജീവിതം. കലാഭവൻ വേദികളിൽ നിന്ന് ദേശീയ പുരസ്കാര വേദി വരെയുള്ള അദ്ദേഹത്തിന്റെ യാത്ര മലയാളികൾ എന്നും ഓർക്കും.