


തിരുവനന്തപുരം : സിഎംആർഎൽ. – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും, മരുമകനും മുൻ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ മിന്നൽ പരിശോധനകൾ പൂർത്തിയായി. എന്നാൽ പരിശോധന കഴിഞ്ഞ് തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉദ്യോഗസ്ഥർ സഞ്ചരിച്ച രണ്ട് വാഹനങ്ങളുടെയും ഗ്ലാസുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു. അക്രമാസക്തരായ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ വലിയ തോതിൽ ഏറ്റുമുട്ടി. തുടർന്ന് സിപിഎം.ജനറൽ സെക്രട്ടറി എംഎ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. തങ്ങളെ ആക്രമിച്ചതായി ചൂണ്ടിക്കാട്ടി ഇഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസിൽ പരാതി നൽകി.
കണ്ണൂരിൽ പിണറായി വിജയന്റെ വീടിന് മുന്നിൽ പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം. പ്രവർത്തകർ കൂട്ടത്തോടെ കൂവിവിളിച്ചാണ് നേരിട്ടത്. കോഴിക്കോട് കോട്ടൂളിയിൽ മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പ്രവർത്തകർ മണിക്കൂറുകളോളം തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. അതേസമയം, കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിൽ നിന്നും കുറ്റകരമായ യാതൊരുവിധ രേഖകളും പരിശോധനാ സംഘം കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ ഔദ്യോഗികമായി എഴുതി നൽകിയതായി സിപിഎം നേതാവ് എംവി ജയരാജൻ അറിയിച്ചു. കണ്ണൂരിലെ പരിശോധനകൾക്ക് ഇഡി.അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരി, ചിരാഗ് യാദവ്, തരുൺ കുമാർ ബച്ചർ എന്നിവരടങ്ങുന്ന ആറംഗ സംഘമാണ് നേതൃത്വം നൽകിയത്.
രാവിലെ 7.50-ന് പിണറായി ലോക്കൽ സെക്രട്ടറി നന്ദനൻ, കെയർടേക്കർ നാണു എന്നിവരുടെ സാന്നിധ്യത്തിലാണ് ഇഡി സംഘം അകത്തുകയറിയത്. തുടർന്ന് നാണുവിന്റെ മൊഴി രേഖപ്പെടുത്തുകയും ഇരുവരെയും സാക്ഷികളാക്കി മഹസ്സർ തയ്യാറാക്കുകയുമായിരുന്നു. പരിശോധനയിൽ നിയമവിരുദ്ധമായ യാതൊരു രേഖയോ ഡിജിറ്റൽ ഉപകരണങ്ങളോ കണ്ടെത്താനായിട്ടില്ലെന്ന് ഇഡി വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരു വർഷത്തോളമായി നിയമക്കുരുക്കിലായിരുന്ന മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി കഴിഞ്ഞദിവസം കേരള ഹൈക്കോടതി പൂർണ്ണമായി തള്ളിയിരുന്നു. അന്വേഷണത്തിനുള്ള തടസ്സങ്ങൾ കോടതി നീക്കിയതിന് തൊട്ടുപിന്നാലെയാണ് ഇഡ.യുടെ ഈ നാടകീയമായ മിന്നൽ പരിശോധന. ഒരു ദിവസം പോലും വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള വലിയ സാധ്യത മുൻകൂട്ടി കണ്ടാണ് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഏജൻസി ഈ അടിയന്തിര നീക്കം നടത്തിയത്. ഈ സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും നേരിട്ട് അന്വേഷണ പരിധിയിലുണ്ടെന്ന് ഇഡി.വ്യക്തമാക്കുന്നുണ്ട്. റെയ്ഡ് പൂർത്തിയായെങ്കിലും നേതാക്കളുടെ വീട്ടുപടിക്കൽ സിപിഎം പ്രവർത്തകർ നടത്തുന്ന ജനകീയ പ്രതിരോധ സമരം ഇപ്പോഴും തുടരുകയാണ്.