


ന്യുഡൽഹി : രാജ്യ തലസ്ഥാനത്ത് ബസിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രി റാണി ബാഗ് പ്രദേശത്താണ് സംഭവം. ബസിന്റെ കണ്ടക്റും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെങ്കിലും രാജ്യ തലസ്ഥാനത്ത് വനിത മുഖ്യമന്ത്രിയുള്ള നാട്ടിൽ സ്ത്രീ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകളാണ് ഉയരുന്നത്.
മംഗോൾ പുരയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിലാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. സരസ്വതി വിഹാർ ബസ് സ്റ്റോപ്പിന് സമീപം ഒരു സ്ലീപ്പർ ബസ് വന്ന് നിൽക്കുകയായിരുന്നു. ബസിന്റെ വാതിൽക്കൽ നിന്ന ആളോട് സമയം ചോദിക്കാനായി എത്തിയ യുവതിയെ ബസിലേക്ക് ബലമായി പിടിച്ചു കയറ്റുകയായിരുന്നു. തുടർന്ന്, ബസ് നംഗ്ലോയ് ഭാഗത്തേക്ക് ഓടിച്ചു പോയി. അവിടെ വെച്ചാണ് പ്രതികൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയെ തുടർന്ന് നടന്ന വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു. പീഡനം നടന്ന ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറെ കോലിളക്കമുണ്ടാക്കിയ നിർഭയ സംഭവം ഇന്നും ഞെട്ടിക്കുന്ന ഓർമ്മയാണ്. ബസിനുള്ളിൽ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട അതീജിവിത ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി. നിർഭയ സംഭവത്തിന് ശേഷം ഉയർന്ന പ്രതിഷേധങ്ങൾ ഡൽഹിയിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് പോലും കാരണമായി. 2012 ലാണ് നിർഭയ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ചാണ് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂരമായി പീഡിപ്പിക്കുപ്പെട്ടത്. ബസ് ജീവനക്കാർ തന്നെയായിരുന്നു കെസിലെ പ്രതികൾ.