


ചെന്നൈ : എഐഎഡിഎംകെയില്‍ വന്‍ പ്രതിസന്ധി. സി.വി ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല്‍എമാര്‍ മുഖ്യമന്ത്രി വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചു. വിജയ് ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും സി.വി ഷണ്മുഖം പറഞ്ഞു. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെ ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്.
‘പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. എഐഎഡിഎംകെയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കണം. ഞങ്ങള്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്. ഡിഎംകെക്ക് എതിരായാണ് ഈ പാര്‍ട്ടി സ്ഥാപിക്കപ്പെട്ടത്. 53 വര്‍ഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡിഎംകെക്ക് എതിരായിരുന്നു. ചരിത്രം ഇതായിരിക്കെ, ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരു നിര്‍ദേശം ഉയര്‍ന്നുവന്നു. ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ത്തു. ഡിഎംകെയുമായി സഖ്യത്തിലായാല്‍ പിന്നെ എഐഎഡിഎംകെക്ക് നിലനില്‍പ്പില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തിലില്ല. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ടിവികെക്ക് ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയാണ്’ -ഷണ്മുഖം പറഞ്ഞു. അതേസമയം, പാര്‍ട്ടിയെ പിളര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.വി ഷണ്മുഖത്തിന്റെ നേതൃത്വത്തില്‍ 34 എഐഎഡിഎംകെ എംഎല്‍എമാര്‍ ടിവികെയുമായി സഖ്യചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 47 സീറ്റുകളില്‍ വിജയിക്കാനാണ് എഐഎഡിഎംകെക്ക് സാധിച്ചത്. ഇതില്‍ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 34 പേര് സി.വി ഷണ്മുഖത്തോടൊപ്പമുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സ്ഥാനമൊഴിയണമെന്നും ഷണ്മുഖം വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറണമെന്ന കാര്യം ഇവര്‍ പളനിസ്വാമിയെ അറിയിച്ചതായാണ് വിവരം. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
10 വര്‍ഷം അധികാരത്തിലിരുന്ന എഐഎഡിഎംകെ 2021ലെ തെരഞ്ഞെടുപ്പിലാണ് സ്റ്റാലിന്റെ ഡിഎംകെയോട് പരാജയപ്പെട്ട് പുറത്തായത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എടപ്പാടി പളനിസ്വാമി രാജിവെക്കണമെന്നാണ് ആവശ്യം.
തമിഴ്നാട് നിയമസഭയില്‍ എത്രയും വേഗം വിശ്വാസ വോട്ടിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി വിജയിയോട് നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ 120 എംഎല്‍എമാരുടെ പിന്തുണ വിജയിക്കുണ്ട്. ടിവികെയുടെ 107 കൂടാതെ കോണ്‍ഗ്രസിന്റെ അഞ്ചും സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നിവയുടെ രണ്ടുവീതം എംഎല്‍എമാരുടെയും പിന്തുണയാണ് വിജയിക്കുള്ളത്. ഐഎഡിഎംകെയില്‍ നിന്നുള്ള പിന്തുണ കൂടിയാകുന്നതോടെ ആത്മവിശ്വാസത്തോടെ ഭരിക്കാനുള്ള ഭൂരിപക്ഷം സഭയില്‍ വിജയിക്ക് ലഭിക്കും.