

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ 5425 ഭൂരിപക്ഷത്തിന് വിജയച്ചതിന് ശേഷമാണ് മുരളീധരന്റെ പ്രതികരണം.
അന്ന് ന്യൂനപക്ഷ വോട്ടുകള്‍ എന്‍ ബ്ലോക്കായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്ക് ലഭിച്ചതാണ് തന്റെ പരാജയത്തിന് കാരണമായത്. എന്നാല്‍, ശിവന്‍കുട്ടിക്ക് ഇത്തവണ ആ വോട്ടുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. അന്ന് തനിക്കാണ് ആ വോട്ടുകള്‍ ലഭിച്ചിരുന്നതെങ്കില്‍ മണ്ഡലം ഇന്നും യുഡിഎഫിന്റെ കൈകളില്‍ ഇരിക്കുമായിരുന്നുവെന്നും മുരളീധരന് പറഞ്ഞു.
ബിജെപിക്കെതിരെ കേരളത്തിലും ദേശീയ തലത്തിലും ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസ് ആണെന്ന വസ്തുത ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് തുടങ്ങിയ ഇടങ്ങളില്‍ ബിജെപിയെ സ്ഥിരമായി പ്രതിരോധിക്കുന്നത് യുഡിഎഫ് ആണ്. എന്നാല്‍, നേമത്ത് സിപിഎമ്മിന് അതിന് കഴിഞ്ഞില്ല. ബിജെപി ഇത്തവണ മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവകരമാണ്. 35 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചിട്ടും പലയിടങ്ങളിലും യുഡിഎഫ് പരാജയപ്പെട്ടത് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്നും ‘ടീം യുഡിഎഫ്’ എന്ന നിലയില്‍ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.