


തിരുവനന്തപുരം : പാൽ വില വർധനയിൽ അടുത്ത ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. വിലവർധന അനിവാര്യമാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും കെ.എസ് മണി പറഞ്ഞു.
വില വര്‍ധനവ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞശേഷം തീരുമാനിക്കും. പെരുമാറ്റച്ചട്ടം കഴിഞ്ഞശേഷം ഒരിക്കൽ കൂടി ബോർഡ് യോഗം ചേരുമെന്നും എത്ര രൂപ വർധിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മിൽമ ബോർഡ് യോഗത്തിൽ നിന്ന് എറണാകുളം മേഖലാ യൂണിയൻ ഭാരവാഹികൾ പ്രതിഷേധിച്ചിറങ്ങി പോന്നു. വിലകൂട്ടാനുള്ള സർക്കാർ തീരുമാനം ചെയർമാൻ നടപ്പാക്കുന്നില്ലെന്ന് ഭാരവാഹികൾ ആരോപിച്ചായിരുന്നു പ്രതിഷേധം.
നിലവിൽ ലിറ്ററിന് നാലുരൂപ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിട്ടുണ്ട്. മിൽമ സമർപ്പിച്ച ശിപാർശ പരിഗണിച്ചാണ് സർക്കാർ തീരുമാനം. ലിറ്ററിന് നാലു മുതൽ 6 വരെ വില വർധിപ്പിക്കണം എന്നാണ് മിൽമയുടെ ആവശ്യം. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടക്കം അനുമതി വിലവർധനവിൽ മിൽമ തേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വില വർധിച്ചില്ലെന്നും കർഷകരെ സഹായിക്കാനാണ് വില വർധനവെന്നുമാണ് മിൽമയുടെ വിശദീകരണം.