

തിരുവനന്തപുരം : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് ജനം. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി വാഹനങ്ങള്‍ തടയുകയാണ്. ഇതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും കടകള്‍ അടപ്പിച്ചത് വാക്കുതര്‍ക്കത്തിന് കാരണമായി. 52 ദലിത്-ആദിവാസി സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതക്കുരുക്കുണ്ടായത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്‍ജിനിയറിങ് എന്‍ട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കില്‍ കുടുങ്ങി. റോഡില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെ കണിയാപുരത്ത് സംഘര്‍ഷമുണ്ടായി. ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയായിരുന്നു.
നിരവധി വിദ്യാര്‍ഥികളാണ് വാഹനം തടഞ്ഞതിനെതുടര്‍ന്ന് യാത്ര തുടരാന്‍ കഴിയാതെ പ്രതിസന്ധിയിലായത്. ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മറ്റു പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല.
തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് സമരാനുകൂലികള്‍ തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരാണ് ബസ് തടഞ്ഞത്. നെടുമങ്ങാടും ബസ്സുകള്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അടൂരില്‍ വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂര്‍ പഴയങ്ങാടി ടൗണിലും എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ കോട്ടയം തിരുനക്കരയില്‍ ആംബുലന്‍സ് അടക്കമുള്ളവ കുടുങ്ങി.