


വാഷിങ്ടൺ ഡിസി : ഇസ്രയേൽ- ലെബനൻ സംഘർഷത്തിൽ വെടിനിർത്തൽ മൂന്നാഴ്ച കൂടി നീട്ടും. ഇസ്രയേൽ, ലബനൻ പ്രതിനിധികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ചരിത്രപരമായ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ ബഹുമതിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ചരിത്ര നിമിഷത്തിന് നേതൃത്വം നൽകിയതിന് ഇസ്രയേൽ, ലബനീസ് പ്രതിനിധികൾ ട്രംപിനോടു നന്ദി പറഞ്ഞതായി വൈറ്റ്ഹൗസ് അറിയിച്ചു. കഴിഞ്ഞദിവസം തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടിരുന്നു. അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.
അൽ-തൈരി നഗരത്തിനു സമീപം റിപ്പോർട്ടിങ്ങിന് എത്തിയതായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുമുന്നിലെ കാറിനു നേരെ ഇസ്രയേൽ മിസൈൽ പതിച്ചതോടെ, പ്രാണരക്ഷാർത്ഥം ഇവർ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ ആ വീടിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് അമലിന്റെ മൃതദേഹം കണ്ടെടുത്തത്. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള പത്ത് ദിവസത്തെ വെടിനിർത്തൽ കരാർ ഏപ്രിൽ 16ന് നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമായിരുന്നു ഇന്നലത്തേത്. ബുധനാഴ്ച മാത്രം അഞ്ച് പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.