


കൊൽക്കത്ത : ‘ജയ് ശ്രീറാം’ വിളിക്കുന്ന രോഗികൾക്ക് ചികിത്സ ഫീസിൽ ഇളവ് പ്രഖ്യാപിച്ച് ഡോക്ടർ. കൊൽക്കത്തയിലെ ഹൃദ്രോഗ വിദഗ്ധൻ ആയ ഡോ. പി കെ ഹസ്രയാണ് വിവാദ പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്. ജയ് ശ്രീറാം വിളിച്ചാൽ കൺസൾട്ടേഷൻ ഫീസിൽ 500 രൂപ ഇളവ് നൽകുമെന്ന പോസ്റ്റർ ഇയാളുടെ ക്ലിനിക്കിന് സമീപം പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പോസ്റ്ററിൽ ബിജെപി സ്കാർഫ് ധരിച്ച ഹസ്രയുടെ ചിത്രവുമുണ്ട്.
“ഇത് പൂർണ്ണമായും എന്റെ ആശയമാണ്. വർഷങ്ങളായി ഞാൻ ഇവിടെ ഡോക്ടറായി പ്രവർത്തിക്കുന്നുണ്ട്. ചികിത്സയ്ക്കായി ബംഗാളിൽ നിന്നുള്ള രോഗികൾ അസം, ഒഡീഷ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നത് കാണുമ്പോൾ എനിക്ക് വിഷമമുണ്ടാകുന്നു. ഈ പ്രവണതയിൽ മാറ്റം വരണം. അതിനാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചത്” ഡോ. പി കെ ഹസ്ര പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവിയാണ് ഹസ്ര. ഇതേ ആശുപത്രിയിൽ ചികിത്സ തേടി വരുന്നവർക്കല്ല ഇളവ് നൽകുന്നത് എന്നും താൻ നടത്തുന്ന ക്ലിനിക്കിൽ വരുന്നവർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
” ഈ പോസ്റ്റർ തയാറാക്കി നൽകിയത് തന്റെ ഒരു രോഗിയാണ്. ഞാൻ നേരിട്ട് ബിജെപിയുമായി ബന്ധമുള്ള ആളല്ല. പക്ഷേ അവരുടെ ഭരണത്തിലുള്ള മറ്റ് സംസ്ഥാനങ്ങൾ നേടിയ പുരോഗതി ഞാൻ അഭിനന്ദിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇത്തവണ പശ്ചിമ മേദിനിപൂർ ജില്ലയിലെ പിങ്ല സ്വദേശിയായ ഡോക്ടർ ഇതേ മണ്ഡലത്തിൽ ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നു എന്നും അത് ലഭിച്ചിരുന്നില്ല.
ഹസ്രയുടെ നീക്കത്തെ അനുകൂലിച്ച് ബിജെപി രാജ്യസഭാംഗം രാഹുൽ സിൻഹ രംഗത്ത് എത്തി. മറ്റ് ഡോക്ടർമാർക്കും ഇത് മാതൃകയാക്കാവുന്ന തീരുമാനം ആണെന്നും സംസ്ഥാനത്തെ ആരോഗ്യ – അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, തൃണമൂൽ കോൺഗ്രസ് നേതാവ് ഡോ. നിർമൽ മാജി ഹസ്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തി. “ ബിജെപിയുടെ ‘വാഷിംഗ് മെഷീനിൽ’ കയറി ക്ലീൻ ഇമേജ് സൃഷ്ട്ടിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിലൂടെ ഡോക്ടർ സമ്പാദിച്ചിട്ടുള്ള പണവും സമ്പത്തും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് ” നിർമൽ മാജി വ്യക്തമാക്കി.