


ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതക പ്രതിസന്ധിക്കിടെ പ്രീമിയം പെട്രോളിന്റെയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന്റെയും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപയുമാണ് കൂട്ടിയത്. എന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലവില്‍ മാറ്റമില്ല.
ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ നീക്കം. പ്രീമിയം പെട്രോളിന് വില വര്‍ദ്ധിപ്പിച്ചതോടെ ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് അധിക ബാധ്യതയുണ്ടാകും.
പെട്രോള്‍, ഡീസല്‍ വിലയിലെ നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞിട്ടുണ്ടെങ്കിലും 2022 ഏപ്രില്‍ മുതല്‍ രാജ്യത്ത് വില സ്ഥിരമായി തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്പോള് എണ്ണക്കമ്പനികള്‍ നഷ്ടം സഹിക്കുകയും വില കുറയുന്പോള്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ രീതി.
പുതിയ വര്‍ദ്ധനവോടെ എച്ച്പിസിഎല്ലിന്റെ ‘പവര്‍’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപയോളം അധികം നല്‍കണം. പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന മറ്റ് എണ്ണക്കമ്പനികളുടെ ഇന്ധനങ്ങള്‍ക്കും സമാനമായ വര്‍ദ്ധനവുണ്ടായേക്കും. പശ്ചിമേഷ്യയില്‍ ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ആഗോള എണ്ണ വിപണിയില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹെര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടാല്‍ വരും ദിവസങ്ങളില്‍ സാധാരണ പെട്രോളിനും വില വര്‍ദ്ധിച്ചേക്കും.