


ബെയ്റൂട്ട് : ലെബനനിൽ വെെറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി ഹ്യൂമൻ റെെറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. മാർച്ച് തുടക്കത്തിൽ നടന്ന ആക്രമണത്തിൽ ഇസ്രയേൽ അപകടകരമായ വെെറ്റ് ഫോസ്ഫറസ് തെക്കൻ ലെബനനിലെ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രയോഗിച്ചതായി ഹ്യൂമൻ റെെറ്റ്സ് വാച്ച് വെളിപ്പെടുത്തിതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
നിരോധിത രാസായുധമാണ് വൈറ്റ് ഫോസ്ഫറസ്. യോഹ്മാറിൽ റസിഡൻഷ്യൽ പ്രദേശത്ത് വെെറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതിന്റെ ഏഴ് തെളിവുകൾ ഹ്യൂമൻ റെെറ്റ്സ് വാച്ച് തിങ്കളാഴ്ച പുറത്തുവിട്ടു. മാർച്ച് മൂന്നിന് രണ്ട് വീടുകളിൽ നിന്നും തീ പടരുന്നതായി കാണാനായെന്നും സംഘടന വെളിപ്പെടുത്തി. ആളുകൾക്ക് അതീവ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വെെറ്റ് ഫോസ്ഫറസ് ഇസ്രയേൽ സേന ഉപയോഗിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കും-ലെബനൻ ഗവേഷകനായ റാംസി ഖയസ് പറഞ്ഞു. വെെറ്റ് ഫോസ്ഫറസിന്റെ പരിക്ക് മരണത്തിലേക്കോ അഥവാ ജീവിതകാലം മുഴുവൻ വേദനയുണ്ടാക്കുന്ന മാരക മുറിവുകൾക്കോ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനവാസ മേഘലയിൽ വെെറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. ആളുകൾക്ക് അപകടമുണ്ടാകുന്നത് പൂർണമായി ഒഴിവാക്കേണ്ടതുണ്ട്. അതൊന്നും പാലിക്കപ്പെടുന്നില്ല. തുറന്നു വച്ചാൽ ഓക്സിജനുമായി രാസപ്രക്രിയ സംഭവിച്ച് കത്തിപ്പിടിക്കുകയും അതുവഴി വീട് , കൃഷിയിടങ്ങൾ മറ്റ് വസ്തുക്കളൊക്കെ നശിപ്പിക്കാൻ പ്രഹരശേഷി വെെറ്റ് ഫോസ്ഫറസിനാകും. രണ്ട് ഇസ്രയേൽ സെെനിക വാഹനത്തിൽ നിന്നും ഫോസ്ഫറസ് ജനവാസ മേഖലയിലേക്ക് പ്രയോഗിക്കുന്നതായുള്ള ദൃശ്യങ്ങൾ ലെബനൻ മീഡിയ പുറത്തുവിട്ടു.