


കണ്ണൂര്‍ : മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പേര് എഴുതുന്നതിനു മുമ്പ് ‘ബഹു’ എന്ന് ഉപയോഗിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലറിനെ പരിഹസിച്ച് സാഹിത്യകാരന് ടി പത്മനാഭന്. ‘മന്ത്രിയെ ‘ബഹു’ ചേര്‍ത്ത് വിളിച്ചില്ലെങ്കില്‍ പൊലീസ് പിടിക്കും. പൊലീസ് പിടിച്ചാല്‍ മര്‍ദിക്കും. അതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ‘ബഹു’ ചേര്‍ത്ത് വിളിക്കുന്നതായി ടി പത്മനാഭന് പറഞ്ഞു.
കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല നയിച്ച സമൂഹ നടത്തം വാക്ക് എഗെയിന്‍സ്റ്റ് ഡ്രഗ്സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി. പത്മനാഭന്. എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നല്‍കരുതെന്ന് ‘ബഹുമാനപ്പെട്ട’ എക്സൈസ് മന്ത്രിയോട് ആവശ്യപ്പെടുന്നു എന്ന് പറഞ്ഞാണ് ഉത്തരവിനെതിരെ പരിഹാസം ചൊരിഞ്ഞത്.
പുതിയ നിയമം പാസ്സാക്കിയത് പ്രകാരം ഏതു മന്ത്രിയെപ്പറ്റി പറയുമ്പോഴും ‘ബഹുമാനപ്പെട്ട’ എന്നു പറഞ്ഞേ പറ്റൂ. അല്ലെങ്കില്‍ നമ്മള് ജയിലില്‍ പോകേണ്ടിവരും. ഈ വയസ്സുകാലത്ത്, 97 ന്റെ പടിവാതില്ക്കല് നില്ക്കുന്ന തനിക്ക് ജയിലില്‍ പോകാന്‍ വയ്യ. ജയിലില്‍ പോകുന്നതിന് മുമ്പു തന്നെ പൊലീസുകാര്‍ പിടിച്ച് ശരിപ്പെടുത്തും. ഒരൊറ്റ അടിക്ക് മരിച്ചു പോകും. അതിനൊന്നും ഇടവരുത്താതിരിക്കാനാണ് ‘ബഹുമാനപ്പെട്ട’ ‘ബഹുമാനപ്പെട്ട സര്’ എന്നു പറയുന്നത്. സത്യത്തില്‍ ബഹുമാനമൊന്നുമില്ല. പത്മനാഭന് പരിഹസിച്ചു.
എലപ്പുള്ളിയിലെ ബ്രുവറിയുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാണ് പത്മനാഭന്റെ വിമര്‍ശനം. ‘ബഹുമാനപ്പെട്ട എക്സൈസ് മന്ത്രി’യോട് അത്യന്തം വിനീതനായി ആവുന്നത്രത്തോളം നടു വണങ്ങി അപേക്ഷിക്കുകയാണ്. ദയവായി ഇതില്‍ നിന്നും പിന്‍വലിയണം. ബ്രൂവറി സ്ഥാപിക്കുന്ന ഒയാസിസ് കമ്പനിയുടെ ട്രാക്ക് റെക്കോര്‍ഡ് വളരെ മോശമാണ്. വിവിധ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ലിസ്റ്റില്‍ പെട്ട കമ്പനിയാണ് അത്. എലപ്പുള്ളിയില്‍ ബ്രൂവെറി സ്ഥാപിച്ചാല്‍ അവിടെ കുടിക്കാനുള്ള വെള്ളത്തിന് ക്ഷാമം ഉണ്ടാവും. കുടി വെള്ളം കിട്ടില്ല, മറ്റേ വെള്ളം കിട്ടും. എലപ്പുള്ളിയിലെ ബ്രൂവെറിയില്‍ നിന്ന് മന്ത്രി പിന്മാറണമെന്നും ടി പത്മനാഭന് ആവശ്യപ്പെട്ടു.