


കുവൈത്ത് സിറ്റി : രഹസ്യവിവരത്തെത്തുടർന്ന് കുവൈത്ത് ലഹരിവിരുദ്ധ സേന നടത്തിയ പരിശോധനയിൽ വൻതോതിൽ ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 10 ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ ആണ് പിടിച്ചെടുത്തത്. ഇയാൾ മയക്കുമരുന്ന് വ്യാപകമായി വിൽക്കുന്നു എന്നും ക്യാപ്റ്റഗൺ ഗുളികകളുടെ ശേഖരം ഇയാളുടെ വീട്ടിൽ ഉണ്ടെന്നുമായിരുന്നു രഹസ്യ വിവരം.
ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുക ആയിരുന്നു. എന്നാൽ പ്രതി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്യാൻ ശ്രമിച്ചു. പിന്നീട് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുക ആയിരുന്നു. എന്നാൽ ആക്രമണത്തിൽ പ്രതിക്ക് യാതൊരു തരത്തിലുമുള്ള പരിക്കേറ്റിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി.
വീട്ടിൽ നടത്തിയ കൂടുതൽ പരിശോധനയിൽ ഇയാളുടേത് വ്യാജ പൗരത്വമാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാൾ നിയമവിരുദ്ധമായി ആണ് കുവൈത്ത് പൗരത്വം നേടിയത് എന്നതിനുള്ള തെളിവുകളും വീട്ടിൽ നിന്നും ലഭിച്ചു. ഇതോടെ വ്യാജരേഖ ചമച്ച കേസ് അന്വേഷണത്തിനും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനുമായി സംയുക്ത ടാസ്ക് ഫോഴ്സ് രൂപികരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷക്കും ദേശീയ സുരക്ഷക്കും ഭീഷണിയാകുന്ന ഏതൊരാൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.