തിരുവനന്തപുരം : അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തുന്നതിനുള്ള വൻകിട പദ്ധതിയായ മിഷൻ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ട്രാൻഷിപ്പ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റനേകം ജലസ്രോതസ്സുകൾ തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പോർട്ട് സിറ്റി ഉൾപ്പെടുന്ന മിഷൻ സമുദ്ര പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തുന്നതായും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
- കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനം ചെയ്ത്, റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാത, നിർമ്മാണ മേഖലകൾ, ഗ്രീൻ ഫീൽഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും.
- വിഴിഞ്ഞം ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം- വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിങ്ങ് റോഡ് പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമാണപ്രവർത്തനവും വേഗത്തിൽ നടപ്പിലാക്കും.
- വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമാണമേഖലകൾ, സ്റ്റഫിങ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും.
- ആഗോള ഷിപ്പിങ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി, ഗ്രീൻ ബങ്കറിങ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും
- മദർഷിപ്പ് നിർമാണം, അവരുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. ഇതിനായി സ്ഥലമേറ്റെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കും. ഇത്തരത്തിലുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരപ്രദേശത്തെ സാധാരണക്കാർക്ക് സംവരണം നൽകും.
- സംസ്ഥാനത്തെ നിർണായകമായ നാല് പ്രധാന നോൺ മേജർ തുറമുഖങ്ങളായ കോവളം, കൊല്ലം, ആഴീക്കൽ, ബേപ്പൂർ എന്നിവയുടെ വികസനത്തിനും കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിനും മറ്റ് തുറമുഖ അടിസ്ഥാന വ്യവസായങ്ങൾക്കും ലോജസ്റ്റിക് കപ്പൽ അനുബന്ധപ്രവർത്തനങ്ങൾക്കും മറ്റ് 13 നോൺ മേജർ തുറമുഖങ്ങളിലെ തുറമുഖഭൂമി, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ എന്നിവ പ്രയോജനപ്പെടുത്തി സ്വകാര്യ പങ്കാളിത്വത്തോടെ മാരിടൈം ടൂറിസം, ലോജസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമവിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം പോളിസി രൂപീകരിക്കും.
- വൻകിട-ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും.
\