


തൃശൂര്‍ : തൃശൂരിലെ പൂങ്കുന്നത്ത് മലമ്പാമ്പിന്റെ ഭീതിയില്‍ ഒരു കുടുംബം. രണ്ടു ദിവസം കൊണ്ട് ഒരു വീട്ടില്‍ നിന്നും 18 മലമ്പാമ്പിനെയാണ് പിടികൂടിയത്. ഇന്ന് ആറു പാമ്പുകളെയാണ് പിടികൂടിയത്. പൂങ്കുന്നം സ്വദേശി കാര്‍ത്തികും കുടുംബവുമാണ് മലമ്പാമ്പിനെ പേടിച്ച് കഴിയുന്നത്.
നഗരത്തിനോട് ചേര്‍ന്നുള്ള വീട്ടില്‍ നിന്നാണ് മലമ്പാമ്പുകളെ പിടികൂടിയിട്ടുള്ളത്. വീടിനോട് ചേര്‍ന്ന് തോട് ഒഴുകുന്നുണ്ട്. ആ തോട്ടില്‍ നിന്നും കയറി വന്നതാകാമെന്നാണ് കരുതപ്പെടുന്നത്. വീടിനു ചേര്‍ന്നുള്ള മരത്തറയുടെ ഭാഗത്തു നിന്നാണ് പാമ്പുകളെ ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു. മരത്തറയില്‍ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാനാണ് സാധ്യതയെന്ന് വനംവകുപ്പിന്റെ വാച്ചര്‍ പറഞ്ഞു. തറ പൊളിച്ചാലേ കൂടുതല്‍ പാമ്പുകള്‍ ഉണ്ടോയെന്ന് കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തൃശൂര്‍ കോടാലിയില്‍ രണ്ടുമാസം മുമ്പാണ് എട്ടുവയസ്സുകാരന് ആല്‍ജോ പാമ്പുകടിയേറ്റു മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആല്‍ജോയുടെ വീട്ടില്‍ നിന്നും അഞ്ചു പാമ്പുകളെയാണ് പിടികൂടിയത്. ആല്‍ജോയുടെ സഹോദരനും പാമ്പു കടിയേറ്റ് ചികിത്സയില്‍ വഴിഞ്ഞിരുന്നു.