

ന്യൂഡൽഹി : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രീകരിച്ച് കേരളത്തെ തുറമുഖാധിഷ്ഠിത സാമ്പത്തിക മേഖലയായി വികസിപ്പിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി സമർപ്പിച്ച നിവേദനം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ രാജ്യസഭയെ അറിയിച്ചു. കോൺഗ്രസ് എംപി ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ, നിർദ്ദിഷ്ട പദ്ധതികളുമായി ബന്ധപ്പെട്ട് സാധ്യതാ പഠന റിപ്പോർട്ടുകളോ വിശദമായ പദ്ധതി അവലോകന രേഖയോ (ഡിപിആർ) സംസ്ഥാന സർക്കാർ നൽകിയിട്ടില്ലാത്തതിനാൽ, സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിലോ സമയപരിധി നിശ്ചയിക്കുന്നതിലോ ഈ ഘട്ടത്തിൽ ഉറപ്പ് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന്റെ അവസാന ഘട്ട റെയിൽ കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യങ്ങൾ, സീഫുഡ് പ്രോസസിംഗ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി പ്രധാനമന്ത്രി ഗതിശക്തി, സാഗർമാല, നാഷണൽ ലോജിസ്റ്റിക്സ് പോളിസി, ബ്ലൂ ഇക്കോണമി, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നീ പദ്ധതികൾക്ക് കീഴിൽ പിന്തുണ വേണമെന്നാണ് സംസ്ഥാനം സമർപ്പിച്ച നിവേദനത്തിലുള്ളത്. കേന്ദ്ര സർക്കാർ സഹായത്തിന് പുറമെ, ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയിലൂടെ സാമ്പത്തിക, നയപരമായ പിന്തുണയും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കൊച്ചി തുറമുഖം, ദേശീയ ജലപാത-3, കേരളത്തിലെ മറ്റ് ചെറു തുറമുഖങ്ങൾ, സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ദേശീയ റോഡ്-റെയിൽ ശൃംഖല എന്നിവയുമായി സംയോജിപ്പിച്ച് ഏകോപിപ്പിച്ച മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ശൃംഖല സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ പ്രായോഗികത വിലയിരുത്തുന്നതിനും ഉന്നതതല അംഗീകാരം നൽകുന്നതിനും വിശദമായ പ്രൊജക്ട് റിപ്പോർട്ട് നിർബന്ധമാണെന്ന് കേന്ദ്ര മന്ത്രി വിശദീകരിച്ചു. കൃത്യമായ പഠന റിപ്പോർട്ടുകൾ ഇല്ലാത്തതിനാൽ പദ്ധതിക്ക് നിലവിൽ തുക വകയിരുത്താനോ പൂർത്തീകരണ സമയപരിധി പ്രഖ്യാപിക്കാനോ കഴിയില്ലെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.