

കൊച്ചി : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഐഎം പ്രവര്‍ത്തകർക്ക് ജാമ്യം. പ്രതികളായ 9 സിപിഐഎം പ്രവർത്തകർക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം വളരെ ഗൗരവമേറിയതാണെന്ന് കോടതി വിലയിരുത്തി. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണെന്നും, ഇനി തിരിച്ചറിയൽ പരേഡോ, തെളിവുശേഖരണമോ ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും, പ്രതികളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് സൂചിപ്പിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കുണ്ടായ മുറിവുകൾ പരിശോധിക്കുമ്പോൾ വധശ്രമക്കുറ്റം നിലനിൽക്കാൻ സാധ്യതയില്ലല്ലോയെന്ന് കോടതി ചോദിച്ചു. എല്ലാ വധശ്രമങ്ങളിലും രക്തസ്രാവം ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.
അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഐഎം പ്രവര്‍ത്തകർ ആക്രമണം നടത്തിയതെന്നാണ് ഇഡി വാദിച്ചത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്നും ഇഡി ചൂണ്ടിക്കാട്ടി. നടപടിക്രമം പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കില്ല. അനാവശ്യമായാണ് ബിഎന്‍എസ് 109 വകുപ്പ് ചുമത്തിയതെന്നും പ്രതികൾ വാദിച്ചു. കേസിലെ നാലു പ്രതികളുടെ ജാമ്യ ഹർജി കോടതി നാളെ പരിഗണിക്കും.